കരുനാഗപ്പള്ളി: യുവാക്കളിൽ നിന്ന് പണംതട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. ചവറ വട്ടത്തറ പുത്തൻകാവ് സന്നിധാനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആഷിക്ക്(44 ), പന്മന ആറുമുറിക്കട കോട്ടപ്പുറത്ത് വീട്ടിൽ നാദിർഷ (29) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്. പത്തനാപുരം കുണ്ടയം മുറിയിൽ കുളത്തിൻകര കിഴക്കതിൽ വീട്ടിൽ ഷറഫ് ഖാൻ, സുഹൃത്ത് റിയാസ് എന്നിവരെ ഉപദ്രവിച്ച് പണംതട്ടിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്.
പത്തനാപുരം സ്വദേശി ഷറഫ്ഖാൻ മൂന്നു മാസം മുൻപ് അദ്ദേഹത്തിന്റെ കാർ 70000 രൂപയ്ക്ക് ഏഴംകുളം സ്വദേശി അജ്മൽ എന്നയാൾക്ക് പണയം വെച്ചിരുന്നു. അജ്മൽ ഈ കാർ ആഷിക്കിന് കൂടുതൽ തുകയ്ക്ക് പണയം വെച്ചു. തുടർന്ന് എൻജിൻ തകരാറിലായ കാർ വർക്ക്ഷോപ്പിലായതിനെ തുടർന്ന് ആഷിക് വാഹനം നന്നാക്കാൻ ഷെറഫ് ഖാനോട് പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് അറിയിച്ചതോടെ വാഹനത്തിന്റെ ആർ.സി ബുക്ക് പണയം വെച്ച് ഒരു ലക്ഷം രൂപ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ആഷിക് ഷറഫ് ഖാനെ ചവറയിലേക്ക് വിളിച്ചുവരുത്തി. ചവറയിൽ എത്തിയ ഷറഫ് ഖാനെയും സുഹൃത്ത് റിയാസിനെയും ആഷിക്കും നാദിർഷയും ഒരു മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ആഷിഖിന്റെ പക്കൽ നിന്ന് 10000 രൂപ കൈക്കലാക്കുകയും ചെയ്തു. അവിടെ എത്തിയ പ്രതികളുടെ സുഹൃത്ത് ഹാരിസ് റിയാസിന്റെ പക്കൽ നിന്ന് പതിനായിരം രൂപയും കവർന്നു. അവിടെ നിന്ന് രക്ഷപ്പെട്ട ഷറഫ് ഖാനും റിയാസും പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ പ്രതികൾ മുമ്പ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പിടികിട്ടാനുള്ള പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി.