35 വാർഡുള്ള നഗരസഭയിൽ കോൺഗ്രസ് 29 സീറ്റുകളിൽ മത്സരിക്കും
പുനലൂർ: പുനലൂർ നഗരസഭയിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളെ മുനിസിപ്പൽ ഇലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു.ഇന്നലെ പുനലൂർ ജെംസ് അരീന ഓഡിറ്റോറിയത്തിൽ ചേർന്ന യു.ഡി.എഫ് യോഗത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 35 വാർഡുള്ള നഗരസഭയിൽ കോൺഗ്രസ് 29 സീറ്റുകളിൽ മത്സരിക്കും. ഘടക കക്ഷികളായ ആർ.എസ്.പി 2, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും കേരള കോൺഗ്രസ്ജേക്കബ് ഗ്രൂപ്പും 2 സീറ്റുകളിൽ വീതവും മുസ്ലിം ലീഗ് 1 സീറ്റിലുമാണ് മത്സരിക്കുന്നത്. ശക്തമായ മത്സരത്തിലൂടെ ഇടത് മുന്നണിയിൽ നിന്നും നഗരസഭാ ഭരണം പിടിച്ചെടുക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി .വിജയകുമാർ പറഞ്ഞു. മുൻ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ ഭാരതീപുരം ശശി ചെയർമാനായുള്ള പുനലൂർ മധു , നെൽസൺ സെബാസ്റ്റ്യൻ, എബ്രഹാം ജോർജ്, സഞ്ജു ബുഖാരി, എ .എ. ബഷീർ എന്നിവരടങ്ങിയ മുനിസിപ്പൽ ഇലക്ഷൻ കമ്മിറ്റി ആണ് സ്ഥാനാർഥികളുടെ പട്ടികയ്ക്ക് അംഗീകാരം നൽകിയത്. നിലവിലുള്ള വാർഡുകൾ നിലനിർത്തുകയും പുതിയ വാർഡുകൾ പിടിച്ചെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മത്സരത്തെ നേരിടുന്നത്. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരും വാർഡും :
നഗരസഭ പ്രതിപക്ഷനേതാവ് നെൽസൺ സെബാസ്റ്റ്യൻ (നേതാജി ) , ഡി.സി.സി ജനറൽ സെക്രട്ടറി സഞ്ജു ബുഖാരി( ഹൈസ്കൂൾ), ഡി.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോർജ് (പത്തേക്കർ ), സാബു അലക്സ് (പേപ്പർ മിൽ) ,പ്രതിപക്ഷ ഉപനേതാവ് ജി. ജയപ്രകാശ് (കലങ്ങുംമുകൾ), കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. പൊടിയൻ പിള്ള (അഷ്ടമംഗലം) മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സന്ധ്യാ തുളസീധരൻ (കോമളംകുന്ന്) എന്നിവരാണ് മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികൾ.