city
നഗരത്തിലെ പ്രധാനപാതയിൽ പോത്തുകൾ അലഞ്ഞുതിരിയുന്നു

കൊല്ലം: നഗരവഴികൾ കൈയടക്കി കൂട്ടത്തോടെ എത്തിയ പോത്തുകൾ പ്രധാനപാതയിലെ ഗതാഗതം തടസപ്പെടുത്തി. ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് സിവിൽ സ്റ്റേഷൻ, ഹൈസ്‌കൂൾ ജംഗ്ഷൻ മേഖലകളിലെ പ്രധാനപാതയിൽ കൂട്ടത്തോടെ പോത്തുകളെത്തിയത്.

റോഡിൽ കൂട്ടമായി പോത്തുകൾ നടക്കാൻ തുടങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. ഇരുചക്ര വാഹന യാത്രികർ പോത്തുകളെ മറികടന്ന് പോകാൻ ഭയപ്പെട്ടു. നാട്ടുകാരും ഡ്രൈവർമാരും പോത്തുകളെ ഓടിച്ച് മാറ്റിയാണ് വാഹനങ്ങൾ മുന്നോട്ടെടുത്തത്. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും നിസഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.

പോത്ത്, എരുമ, പശു തുടങ്ങിയവയെ വളർത്തുന്നവർ ആശ്രാമം മൈതാനത്തിന്റെ പരിസരങ്ങളിൽ ഇവയെ കൂട്ടത്തോടെ മേയാൻ വിടുന്നത് പതിവാണ്. അവിടെ നിന്ന് എത്തിയതാകാമെന്നും അല്ലെങ്കിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന പോത്തുകൾ വാഹനങ്ങളിൽ നിന്ന് കൂട്ടത്തോടെ പുറത്തിറങ്ങിയതാകാമെന്നും സംശയിക്കുന്നു. രാത്രിയിലും നഗരവഴികളിൽ ചുറ്റിത്തിരിയുകയാണ് പോത്തുകൾ.