d

തൊടിയൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപുതന്നെ സ്ഥാനാർത്ഥികൾ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി. ആഴ്ചകൾക്ക് മുൻപ് തന്നെ തൊടിയൂരിൽ ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും ആരംഭിച്ചിരുന്നു. സ്ഥാനാർത്ഥിയുടെ പേര് എഴുതുന്നതിനുള്ള സ്ഥലം വിട്ടാണ് മിക്കയിടങ്ങളിലും ചുവരെഴുത്ത് തുടങ്ങിയത്. 23 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി. എഫാണ് ഭരണം നടത്തിവന്നത്. എൽ.ഡി.എഫ് 15, യു.ഡി.എഫ് 8 എന്നിങ്ങനെയായിരുന്നു അംഗസംഖ്യ. ഇത്തവണ 15 വാർഡുകളിൽ സി.പി.എമ്മും 8 വാർഡുകളിൽ സി.പി.ഐയും മത്സരിക്കാനാണ് സാദ്ധ്യത. എന്നാൽ കഴിഞ്ഞ തവണ സി.പി.ഐ സ്വതന്ത്രൻ പരാജയപ്പെട്ട പത്താം വാർഡ് സി.പി.എമ്മിന് വിട്ടുനൽകണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും. കോൺഗ്രസ് 21 വാർഡുകളിൽ മത്സരിക്കും. യു.ഡി.എഫ് ഘടകകക്ഷികളായ ആർ.എസ്.പിക്കും മുസ്ലിംലീഗിനും ഓരോ സീറ്റ് വിട്ടു നൽകും. ഒന്നോ രണ്ടോ സീറ്റുകൾ ഒഴികെയുള്ള എല്ലാ വാർഡുകളിലും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സ്ഥാനാർത്ഥികളും മത്സരത്തിനിറങ്ങും.

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വോട്ടഭ്യർത്ഥന

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള വോട്ടഭ്യർത്ഥനയാണ് കൊവിഡ് കാലത്തെ പുതിയ ട്രെന്റ്. സ്ഥാനാർത്ഥികൾ വീടുകൾ കയറിയിറങ്ങിയുള്ള വോട്ടഭ്യർത്ഥനയും ആരംഭിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും ഏറക്കുറേ പൂർത്തിയായെങ്കിലും എൽ.ഡി.എഫിലെ സി.പി. ഐ മത്സരിക്കുന്ന 20,​ 22 വാർഡുകളിലെ സ്ഥാനാർത്ഥി നിർണയം അന്തിമമായിട്ടില്ല. സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിറുത്തി മത്സരിക്കുന്ന എസ്.ഡി.പി.ഐയും സജീവമായി രംഗത്തുണ്ട്. എല്ലാ പാർട്ടികളും സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.