വീടുകൾ കൈമാറ്റം ചെയ്യാതെ അധികൃതർ
പത്തനാപുരം : ചോർന്നൊലിക്കുന്നതും തകർന്നുവീഴാറായതുമായ കുടിലുകളിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്കു മാറാൻ കുര്യോട്ടുമല കോളനിക്കാർ ഇനിയും കാത്തിരിക്കണം. പിറവന്തൂർ ഗ്രാമപഞ്ചായത്തിൽ മാതൃകാ കോളനിയിലെ വീടുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും കൈമാറ്റ നടപടികൾക്ക് കാലതാമസം നേരിടുകയാണ്. കൂടാതെ പൂർത്തിയായ വീടുകളിലെ സൗകര്യക്കുറവും ഉയരമില്ലായ്മയും ആശങ്കക്കിടയാക്കുന്നുണ്ട്.
25 വീടുകൾ റെഡി
2012 ലാണ് പിറവന്തൂർ പഞ്ചായത്തിലെ കുര്യോട്ടുമല മാതൃകാ കോളനിയിലെ 25 വീടുകളുടെ നിർമ്മാണം തുടങ്ങിയത്. പലവട്ടം മുടങ്ങിയ നിർമ്മാണം പൂർത്തീകരിക്കാൻ എട്ട് വർഷത്തോളം വേണ്ടി വന്നു. നിലവിൽ മാതൃകാ കോളനിയിലെ വീടുകൾ എല്ലാം തന്നെ കാടുമൂടിയ നിലയിലാണ്. ഏത് നിമിഷവും തകർന്നു വീഴാവുന്ന കൂരയ്ക്കുള്ളിൽ ആശങ്കയോടെയാണ് കോളനിയിലെ കുടുംബങ്ങൾ താമസിക്കുന്നത്. അടിയന്തരമായി വീടുകളുടെ കൈമാറ്റം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.