rockhome

വീട് നിർമ്മാണ രംഗത്ത് വ്യത്യസ്തത തേടുന്നവർ നിരവധിയാണ്. ആദ്യകാലത്ത് ഗുഹയ്ക്കുള്ളിൽ താമസിച്ചിരുന്ന മനുഷ്യർ പിന്നീട് താമസം കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി. മനോഹരമായ വീടുകളും ഫ്ളാറ്റുകളുമൊക്കെ ഉയർന്നുപൊങ്ങി. എന്നാൽ, പ്രകൃതിയ വേദനിപ്പിച്ചുകൊണ്ടുള്ള ഇത്തരം വീടുകൾക്ക് പകരം പ്രകൃതിയ്ക്കിണങ്ങുന്ന നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ച് പണിതുയർത്തുന്ന വീടുകളും ഇന്ന് നാം കാണാറുണ്ട്. മണ്ണും മരവും മുളയുമൊക്കെ വച്ചാണ് ഇത്തരത്തിൽ വീടുകൾ നിർമിക്കുന്നത്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഈ പാറവീട്. വടക്കൻ പോർച്ചുഗലിലെ കാസ ഡോ പെനെഡോ എന്ന പാറവീട് സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിൽ ഒന്നാണ്. കുന്നിൻമുകളിൽ ഒരുക്കിയിരിക്കുന്ന ഈ വീട്, കൗതുകത്തിനൊപ്പം ഏറെ ആകർഷകവുമാണ്. നാല് പാറകൾ ചേർത്തുവച്ചാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും അവിടെ ലഭ്യമായ പാറകളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നതെങ്കിലും മറ്റു നിർമാണ വസ്തുക്കളും ഈ വീടിനായി ഉപയോഗിച്ചിട്ടുണ്ട്.

1972- ലാണ് ഈ വീട് നിർമ്മിക്കാൻ ആരംഭിച്ചത്. രണ്ടു വർഷമെടുത്തു നിർമ്മാണം പൂർത്തിയാവാൻ. അടിത്തറയും മേൽക്കൂരയും ചുവരുകളുമൊക്കെ പാറകൾ ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന ഈ വീട് ഇന്ന് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു മ്യൂസിയം കൂടിയാണ്. അവധിക്കാലത്ത് പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനായുള്ള ഒരു വീടായാണ് ആദ്യകാലത്ത് ഇതിന്റെ ഉടമസ്ഥർ ഈ വീട് നിർമ്മിച്ചതെങ്കിലും ഇപ്പോൾ ആ പ്രദേശത്തെ ചരിത്ര അവശേഷിപ്പുകൾ അടക്കം സൂക്ഷിക്കുന്ന ഒരു മ്യൂസിയമായി മാറിയിരിക്കുകയാണ് ഈ വീട്.