covid

 ജില്ലയിൽ വ്യാപന നിരക്ക് താഴേക്ക്

കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപന നിരക്ക് താഴ്ന്ന് തുടങ്ങി. നേരത്തെ രോഗനിർണയത്തിൽ ചെറിയ കുറവ് വന്നപ്പോഴും വ്യാപനം കുറഞ്ഞതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ടാഴ്ച കാലത്തെ കണക്കുകൾ നിരത്തി രോഗബാധയിൽ കുറവ് വന്നതായി ആരോഗ്യവകുപ്പും സ്ഥിരീകരിക്കുന്നു.

ഒക്ടോബർ ആദ്യവാരത്തിന് ശേഷം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നിരുന്നു. ഒക്ടോബർ പകുതിയോടെ 16 ശതമാനത്തിലേക്ക് ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 12 മുതൽ 10 ശതമാനം വരെയായി താഴ്ന്നിട്ടുണ്ട്. ജില്ലയിൽ പ്രതിദിനം 5,500 ടെസ്റ്റാണ് ലക്ഷ്യം. എന്നാൽ ചില ദിവസങ്ങളിൽ ആറായിരത്തിന് മുകളിൽ പരിശോധന നടന്നിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക ക്ലിനിക്കുകളുള്ള ബുധൻ, വ്യാഴം ദിവസങ്ങളിൽ പരിശോധന നാലായിരത്തിലേക്ക് താഴാറുണ്ട്.

രോഗവ്യാപനം കുറ‌ഞ്ഞിട്ടിട്ടുണ്ടെങ്കിലും ചികിത്സാ സൗകര്യങ്ങൾ കുറയ്ക്കില്ല. രോഗലക്ഷണങ്ങളും ഗുരുതര രോഗലക്ഷണങ്ങളും ഉള്ളവരുടെ നിരക്കിൽ കാര്യമായ കുറവില്ല.

 മണ്ഡലകാല, തിരഞ്ഞെടുപ്പ് ജാഗ്രത

മണ്ഡലകാലവും തിര‌ഞ്ഞെടുപ്പും കണക്കിലെടുത്ത് ആരോഗ്യവകുപ്പ് ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകർക്കായി ജില്ലാ അതിർത്തികളിലും റെയിൽവേ സ്റ്റേഷനുകളിലും കൊവിഡ് പരിശോധനയ്ക്കുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് രാഷ്ട്രീയ പാർട്ടികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജാഗ്രത കൈവിട്ടാൽ വീണ്ടും പഴയ അവസ്ഥയിലേക്ക് പോകും.

 വീണ്ടും സെന്റിനൽ സർവയലൻസ്

ജില്ലയിൽ വീണ്ടും സെന്റിനൽ സർവയലെൻസ് ടെസ്റ്റ് വ്യാപകമാക്കി. കൊവിഡ് വ്യാപിച്ച് തുടങ്ങിയ ഘട്ടത്തിലാണ് സെന്റിനൽ സർവയലെൻസ് ടെസ്റ്റ് തുടങ്ങിയത്. ഓരോ പ്രദേശത്തും വിവിധ തൊഴിൽ മേഖലകളിൽ ഉള്ള ഓന്നോ രണ്ടോ പേരെ വീതം തിരഞ്ഞെടുത്താണ് പരിശോധന. കൊവിഡ് വ്യാപകമായി സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം വർദ്ധിച്ചതോടെ സെന്റിനൽ പരിശോധനയ്ക്ക് സമയം കിട്ടാതായി. ഇപ്പോൾ രോഗബാധ കുറഞ്ഞതോടെയാണ് വീണ്ടും തുടങ്ങുന്നത്.

 കൊവിഡ് ബാധിച്ചവരുടെ എണ്ണം

ഒക്ടോബർ 1 മുതൽ 12 വരെ: 8,537

നവംബർ 1 മുതൽ 12 വരെ: 6,627

 .........., കൊല്ലം കേരളം, ഇന്ത്യ

(നവംബർ 11ലെ കണക്ക്)

ആകെ രോഗബാധിതർ: 40,027 - 4,89,702 - 85,91,730

ചികിത്സയിൽ: 5,919 - 78,420 - 4,94,657

കൊവിഡ് മരണ നിരക്ക്: 0.35% - 0.35% - 1.48%

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 10.27% - 9.60% - 7.18%

രോഗമുക്തി നിരക്ക്: 85.1% - 84.03% - 92.79%

''

കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് ജില്ലയിൽ കൊവിഡ് ബാധ കുറയുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും താഴ്ന്നിട്ടുണ്ട്. എങ്കിലും പരമാവധി ടെസ്റ്റുകൾ നടത്താനുള്ള ശ്രമത്തിലാണ്.

ഡോ. സന്ധ്യ

ഡെപ്യൂട്ടി ഡി.എം.ഒ