കൊല്ലം: പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെ വാശിയേറിയ പോരാട്ടം നടത്തി വിജയിച്ച് കയറുന്നവരുടെ ശമ്പളം കേട്ടാൽ അതിശയിച്ച് പോകും. സർക്കാർ വകുപ്പുകളിലെ താത്കാലികക്കാരായ ദിവസ വേതനക്കാർക്ക് കിട്ടുന്ന ശമ്പളം പോലും പഞ്ചായത്ത് അംഗം മുതൽ കോർപ്പറേഷൻ കൗൺസിലർ വരെയുള്ളവർക്ക് ലഭിക്കുന്നില്ല.
നിയമസഭാ - പാർലമെന്റ് അംഗങ്ങൾക്ക് കൂറ്റൻ ശമ്പളം നൽകുന്ന നാട്ടിലാണ് സാധാരണ ജനങ്ങൾക്കിടയിൽ ദിവസത്തിന്റെ ഭൂരിപക്ഷവും ചിലവിടുന്ന താഴെത്തട്ടിലെ ജനപ്രതിനിധികൾക്ക് വേണ്ടത്ര വരുമാനം നൽകാത്തത്. മറ്റേതെങ്കിലും തൊഴിലെടുക്കുന്നവർ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ തുടങ്ങിയ ചുമതലകളിലെത്തിയാൽ ഉപജീവനാർത്ഥമുള്ള സ്വന്തം തൊഴിലെടുക്കാനാകില്ല.
ഇതോടെ ഇത്തരം സാധാരണ പൊതുപ്രവർത്തകരുടെ കുടുംബവും ദുരിതത്തിലാകും. സ്വന്തം പഞ്ചായത്തിലെ എൽ.ഡി ക്ലാർക്കിന് ലഭിക്കുന്ന ശമ്പളമെങ്കിലും ഭരണം നടത്തുന്ന പ്രസിഡന്റിന് നൽകണമെന്ന അഭിപ്രായമൊക്കെ സജീവമാണെങ്കിലും സർക്കാർ തലത്തിൽ പരിഗണിക്കാറില്ല. 2016ലാണ് തദ്ദേശ സ്ഥാപന പ്രതിനിധികളുടെ ഓണറേറിയം അവസാനമായി പുതുക്കിയത്. എന്നാൽ ശമ്പളത്തിനപ്പുറമാണ് മറ്റ് കാര്യങ്ങൾ. വലിയൊരു അംഗീകാരമാണല്ലോ ജയിച്ചു വന്നാൽ. പിന്നെ അഞ്ചാണ്ട് നാടിന്റെ നായികാ നായകന്മാർ.
ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ്: 13,200
വൈസ് പ്രസിഡന്റ്: 10,600
സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ: 8,200
അംഗങ്ങൾ: 7,000
ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ്: 14,600
വൈസ് പ്രസിഡന്റ്: 12,000
സ്ഥിരം സമിതി അദ്ധ്യക്ഷൻ: 8,800
അംഗങ്ങൾ: 7,600
ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ്: 15,800
വൈസ് പ്രസിഡന്റ്: 13,200
സ്ഥിരം സമിതി അദ്ധ്യക്ഷൻ: 9,400
അംഗങ്ങൾ: 8,800
മുനിസിപ്പാലിറ്റി
ചെയർമാൻ: 14,600
വൈസ് ചെയർമാൻ: 12,000
സ്ഥിരം സമിതി അദ്ധ്യക്ഷൻ: 8,800
കൗൺസിലർ: 7,600
കോർപ്പറേഷൻ
മേയർ: 15,800
ഡെപ്യൂട്ടി മേയർ: 13,200
സ്ഥിരം സമിതി അദ്ധ്യക്ഷൻ: 9,400
കൗൺസിലർ: 8,200