ele

 മുന്നറിയിപ്പ് ആവർത്തിച്ച് ആരോഗ്യവകുപ്പ്

കൊല്ലം: നാടിളക്കിയുള്ള പ്രചാരണത്തിന്റെ ഭാഗമാകുന്ന രാഷ്ട്രീയ പ്രവർത്തകർക്കും അനുഭാവികൾക്കും വോട്ടുറപ്പിക്കുന്നതിൽ മാത്രമല്ല, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ശ്രദ്ധ വേണം. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കൊവിഡ് വ്യാപനമുണ്ടാകരുതെന്ന് ആവർത്തിച്ച് ഓർമ്മപ്പെടുത്തുകയാണ് ആരോഗ്യവകുപ്പ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച സംഭവിച്ചാൽ സ്ഥാനാർത്ഥി തോൽക്കുമെന്നേയുള്ളൂ, പക്ഷേ കൊവിഡ് പ്രതിരോധത്തിൽ കുറവുണ്ടായാൽ ജീവിതത്തിൽ തോറ്റ് പോകുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും രോഗവ്യാപന സാദ്ധ്യത വിട്ടൊഴിയുന്നില്ല. മാത്രമല്ല, കൊവിഡ് ഭേദമായവരിൽ ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കൂടി ഉണ്ടാകുന്നതിനാൽ പ്രതിരോധ കാര്യത്തിൽ രണ്ടുപക്ഷം ഉണ്ടാകാൻ പാടില്ല.

 വോട്ട് തേടുന്നവർ ശ്രദ്ധിക്കാൻ

1. ഭവന സന്ദർശക സ്ക്വാഡിൽ പരമാവധി അഞ്ചുപേർ

2. വീടിനകത്ത് കയറി വോട്ട് അഭ്യർത്ഥിക്കരുത്

3. മൂക്കും വായും മറയുന്ന തരത്തിൽ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം

4. സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തരുത്, ഹസ്തദാനം ചെയ്യരുത്, കെട്ടിപ്പിടിക്കരുത്

5. നോട്ടീസുകൾ ഒഴിവാക്കി നവമാദ്ധ്യമ പ്രചാരണം പ്രോത്സാഹിപ്പിക്കുക

6. കുട്ടികളെ എടുത്ത് ലാളിക്കരുത്

7. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഒരു കാരണവശാലും പ്രചാരണത്തിനിറങ്ങരുത്

8. സ്ഥാനാർത്ഥി, പ്രവർത്തകർ എന്നിവരിൽ ആർക്കെങ്കിലും കൊവിഡ് ബാധിച്ചാൽ ചികിത്സ തേടണം, നിരീക്ഷണത്തിൽ പോകണം

9. വീടുകളിൽ മടങ്ങിയെത്തിയാലുടൻ വസ്ത്രങ്ങൾ സോപ്പുവെള്ളത്തിൽ കുതിർത്തുവയ്ക്കണം. കുളിച്ച ശേഷമേ മറ്റുള്ളവരുമായി ഇടപഴകാവൂ

 വോട്ടർമാർ ശ്രദ്ധിക്കാൻ

1. വോട്ട് തേടി വരുന്നവരെ വീടിനകത്തേക്ക് പ്രവേശിപ്പിക്കരുത്

2. ഹസ്തദാനം നൽകി സ്നേഹം പുതുക്കരുത്

3. സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തരുത്
4. നോട്ടീസുകളും ലഘുലേഖകളും വാങ്ങിയാൽ കൈകൾ സോപ്പ് ഉയോഗിച്ച് കഴുകണം
5. വയോജനങ്ങൾ, കുട്ടികൾ, ഗുരുതര രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ, ഗർഭിണികൾ എന്നിവർ വോട്ടുതേടി വരുന്നവരോട് അടുത്തിടപഴകരുത്

6. പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കേണ്ടി വന്നാൽ സാമൂഹിക അകലം ഉറപ്പാക്കണം

7. സ്ഥാനാർത്ഥികൾക്ക് മാല, പൂച്ചെണ്ട്, ഷാൾ എന്നിവ നൽകി സ്വീകരിക്കരുത്