ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത പഴയകെട്ടിടം ഇലക്ഷൻ ബൂത്തായി
ഓച്ചിറ: തദ്ദേശ തിരഞ്ഞെടുപ്പ് വന്നതോടെ ഓച്ചിറ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ വികസനം താത്ക്കാലികമായി തടസപ്പെട്ടിരിക്കുകയാണ്. മൂന്ന് കോടിരൂപ ചെലവിൽ സ്കൂളിന് പ്രഥാന കെട്ടിടം നിർമ്മിക്കുന്നതിനായി ഗവ. അനുമതി നൽകിയിരുന്നു. ഇതിനായി നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റണം. അവിടെയാണ് പുതിയകെട്ടിടം നിർമ്മിക്കേണ്ടത്. നാല്കെട്ട് മാതൃകയിലുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് ടെൻഡർ വിളിച്ചിരുന്നു. 8.4 ലക്ഷം രൂപയ്ക് ലേലം ഉറപ്പിച്ചു. ലേലം ഉറപ്പിച്ചവർ കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷൻ വിശ്ചേദിച്ച ശേഷം പൊളിച്ച് മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് തത്ക്കാലത്തേക്ക് കെട്ടിടം പൊളിക്കരുതെന്നാവശ്യപ്പെട്ട് ഓച്ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്.
ഇലക്ഷൻ ബൂത്താണ്
ഓച്ചിറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ രണ്ട് ബൂത്തുകൾ നിശ്ചയിച്ചിട്ടുള്ളത് പഴയ കെട്ടിടത്തിലായതിനാലാണ്. കെട്ടിടം താത്ക്കാലികമായി പൊളിക്കരുതെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്തതിനാൽ ഇവിടെ ക്ലാസുകൾ പ്രവർത്തിക്കുന്നില്ല. നിയമസഭാ- ലോക്‌സഭാ ഇലക്ഷനുകൾ നടത്തിയിരുന്നത് സ്കൂളിന്റെ മറ്റ് കെട്ടിടങ്ങൾ ഉപയോഗിച്ചാണ്. ഇത് ശ്രദ്ധയിൽ പെടാത്തതിനാലാണ് പഞ്ചായത്ത് അധികൃതർ പൊളിക്കാനിരുന്ന കെട്ടിടം ഇലക്ഷൻ ബൂത്തായി ഡിക്ലയർ ചെയ്തത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തിനായി നിർദ്ദേശിച്ചിട്ടുള്ളത് ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രഥാന കെട്ടിടമാണ്. ഇലക്ഷൻ ആവശ്യത്തിന് ഉപയോഗിക്കേണ്ടതിനാലാണ് തത്ക്കാലത്തേക്ക് കെട്ടിടം പൊളിക്കരുതെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ഡി. ദിലീപ്- പഞ്ചായത്ത് സെക്രട്ടറി.
സ്കൂൾ വികസനത്തിന് തടസം ക്ലാസ് റൂമുകളുടെ അപര്യാപ്തതയാണ്. എത്രയും പെട്ടെന്ന് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിൽ മാത്രമേ സ്കൂളിന്റെ വികസനം സാദ്ധ്യമാവുകയുള്ളൂ. സ്കൂളിന്റെ മറ്റ് കെട്ടിടങ്ങൾ പോളിംഗ് ബൂത്തായി ഉപയോഗിക്കാവുന്നതാണ്
. ഭാരവാഹികൾ- മഹാകൂട്ടായ്മ- പൂർവ വിദ്യാർത്ഥിസംഘടന.
ക്ലാസ് മുറികളുടെ അഭാവം സ്കൂളിന്റെ വികസനത്തിന് തടസമാകുന്നു എന്ന് ബോദ്ധ്യമായതുകൊണ്ടാണ് ഗവ. പുതിയ കെട്ടിട നിടമ്മാണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചത്. ഹയർസെക്കൻഡറി വിഭാഗത്തിന് ലബോറട്ടറിയും ലൈബ്രറിയും നിർമ്മിക്കുന്നതിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണം തടസപ്പെട്ടത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തും.
അനിൽ.എസ്.കല്ലേലിഭാഗം- ജില്ലാ പഞ്ചായത്തംഗം