വിജിലൻസ് പരിശോധന നിലച്ചു
കൊല്ലം: അൺലോക്കിന് ശേഷം വിപണിയിൽ വിജിലൻസ് പരിശോധന നിലച്ചതോടെ അവശ്യവസ്തുക്കൾക്ക് ക്ഷാമവും വിലക്കയറ്റവും. ക്രിസ്മസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിത്യോപയോഗ സാധനവില നിയന്ത്രിക്കാൻ സർക്കാരും ഇടപെടുന്നില്ല.
ഇന്ധന വിലവർദ്ധന മുതലെടുത്ത് അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, നിർമ്മാണ സാമഗ്രികൾ എന്നിവയ്ക്കാണ് തോന്നുംപടി വില ഈടാക്കുന്നത്. കൊവിഡ് രൂക്ഷമായതോടെയാണ് വിജിലൻസ് പരിശോധന നിലച്ചത്.
ഡീസൽ വിലവർദ്ധനയുടെ പേരിൽ ലോറി വാടകയിലുണ്ടായ നേരിയ വ്യത്യാസം മുതലെടുത്താണ് ഓരോ കിലോയിലും 1 മുതൽ 20 രൂപവരെ ചില വ്യാപാരികൾ വർദ്ധിപ്പിക്കുന്നത്. അരിവിലയിൽ നാളുകളായി വലിയ വ്യത്യാസമില്ലെങ്കിലും ഗ്രാമീണമേഖലയിൽ ഒന്നര മുതൽ രണ്ട് രൂപവരെ അധികം വാങ്ങുന്നുണ്ട്. പഞ്ചസാരയ്ക്ക് കിലോഗ്രാമിന് അഞ്ചും മുളക്, മല്ലി എന്നിവയ്ക്ക് പത്തും പതിനഞ്ചും രൂപവരെയുമാണ് അധികം വാങ്ങുന്നത്.
പച്ചരി, മൈദ, റവ, ഗോതമ്പ് പൊടി, മുളക്, മല്ലി, ജീരകം, ശർക്കര, പഞ്ചസാര, പയർ, കടല, ഉഴുന്ന്, തുവര, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള എണ്ണകൾ എന്നിവയ്ക്കും ലോക്ക് ഡൗൺ കാലത്തേക്കാൾ കൂടിയ വിലയാണ് ഈടാക്കുന്നത്.
പച്ചക്കറിക്കും കൊള്ളവില
അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി -പഴവർഗ വാഹനങ്ങളുടെ വരവ് പൂർവ സ്ഥിതിയിലായെങ്കിലും വിപണി വിലയിൽ കാര്യമായ കുറവില്ല. വെണ്ടയ്ക്ക, തക്കാളി തുടങ്ങി വിരലിലെണ്ണാവുന്ന സാധനങ്ങൾക്ക് നേരിയ വിലക്കുറവുണ്ടെങ്കിലും മറ്റിനങ്ങൾക്ക് കൊള്ളവില നൽകണം. പച്ച ഏത്തക്കായ് നാല് കിലോ നൂറ് രൂപയ്ക്ക് വഴിയോര വാണിഭക്കാർ വിൽക്കുമ്പോൾ ഒരുകിലോ ഏത്തപ്പഴത്തിന് അൻപത് രൂപയാണ് കടകളിൽ ഈടാക്കുന്നത്.
മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറി, പഴവർഗ വില വീണ്ടും വർദ്ധിക്കാനാണ് സാദ്ധ്യത. റവന്യൂ, ലീഗൽ മെട്രോളജി, പൊലീസ്, വിജിലൻസ് വിഭാഗങ്ങൾ പരിശോധന നടത്തിയാലേ വിലക്കയറ്റം പിടിച്ചുകെട്ടാൻ കഴിയൂ.