ulli

കൊല്ലം: ഒരുമാസമായി കുതിച്ചുയരുന്ന സവാളയുടെയും ചെറിയ ഉള്ളിയുടെയും വില ദീപാവലിക്ക് ശേഷം താഴ്ന്നേക്കും. ഉത്തരേന്ത്യയിലെ പ്രധാന ഉത്സവമായ ദീപാവലി ആഘോഷത്തിന് വിഭവങ്ങൾ തയ്യാറാക്കാൻ സവാളയ്ക്കും ചെറിയ ഉള്ളിയ്ക്കും വൻ ഡിമാന്റാണുള്ളത്. ഇത് മുതലെടുത്ത് ലാഭം കൊയ്യുകയാണ് വ്യാപാരികളുടെ ലക്ഷ്യം. ഇതിനാൽ കേരളത്തിലേക്കുള്ള ലോഡുകൾ കുറഞ്ഞു.

സവാള ഉത്പാദന കേന്ദ്രമായ മഹാരാഷ്ട്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞമാസമുണ്ടായ ശക്തമായ മഴയിൽ കൃഷിനശിച്ചതും കുത്തക മുതലാളിമാർ‌ സവാളയും ചെറിയ ഉള്ളിയും വൻതോതിൽ സംഭരിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. നൂറ് കിലോ സവാള വരുന്നതിൽ 15 കിലോയും ചീഞ്ഞതാണെന്ന് വ്യാപാരികൾ പറയുന്നു.

ഒരുമാസം മുൻപ് ഉള്ളി കിലോയ്ക്ക് 65 രൂപയായിരുന്നത് ഇപ്പോൾ 115 രൂപയായി. സവാള 42ൽ നിന്ന് 80 രൂപയിലെത്തി. മഹാരാഷ്ട്ര, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് സവാള കൂടുതലായി എത്തുന്നത്. ഉള്ളി തമിഴ്നാട്ടിൽ നിന്നും. ചുവന്ന ഉള്ളി കൂടുതലെത്തുന്ന മൈസൂരിലും മഴ വില്ലനായി.

കൊവിഡ് സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വിലവർദ്ധനവും ജനത്തെ വലയ്ക്കുകയാണ്.

 ലോഡെത്തുന്നത് പകുതിയായി

കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള സവാള വരവ് കുറഞ്ഞതോടെ മാർക്കറ്റുകളിലേക്ക് എത്തുന്ന സവാള ലോഡും പകുതിയായി കുറഞ്ഞു. സവാളയ്ക്കും ഉള്ളിക്കും ഓരോ ദിവസവും 10 രൂപവീതമാണ് വില കൂടിയത്. ഈ വർഷം ആദ്യവും ഇതുപോലെ വില കൂടിയിരുന്നു. നാഫെഡ് വഴി കൂടുതൽ ഇറക്കുമതി ചെയ്താണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. ഇത്തവണയും സമാനമായ ഇടപെടൽ സർക്കാർ കേന്ദ്രങ്ങൾ നടത്തുന്നുണ്ട്.

''

കഴിഞ്ഞ മാസത്തെ വില താരതമ്യം ചെയ്യുമ്പോൾ കുതിച്ചുകയറ്റം ഉണ്ടായതായി പറയാനാകില്ല. മഴയും സവാളയ്ക്കും ഉള്ളിക്കുമുണ്ടായ ക്ഷാമവുമാണ് വില വർദ്ധനവിന് കാരണം. ദീപാവലി കഴിയുന്നതോടെ കൂടുതൽ ലോഡ് എത്തുന്നതോടെ വില കുറയും.

രാജേന്ദ്രൻ,​ സവാള മൊത്ത വ്യാപാരി