പ്രതിമാസം വാടക 44,000രൂപ
വാടക കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല
പുനലൂർ: കേരള സർവകലാശാലയുടെ നിയന്ത്രണത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന പുനലൂരിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന് (യു.ഐ.എം) സ്വന്തമായി കെട്ടിടം പണിയുമെന്ന വാഗ്ദാനം നടപ്പിലാകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും . പുനലൂർ പേർപ്പർ മില്ലിന് സമീപത്തെ വാടക കെട്ടിടത്തിൽ കഴിഞ്ഞ ആറ് വർഷമായി പ്രവർത്തിച്ചു വരുന്ന ഇൻസ്റ്റിറ്റ്യൂട്ടിനാണ് പുതിയ കെട്ടിടം പണിയുമെന്ന് അധികൃതർ വാഗ്ദാനം നൽകിയിരുന്നത്.പ്രതിമാസം 44,000രൂപ വാടക നൽകി സ്ഥാപനം പുനലൂരിൽ പ്രവർത്തിക്കുന്നതിൽ താത്പ്പര്യമില്ലെന്ന് സർവകലാശാല അധികൃതർ ഐ.എം അധികൃതരെ അറിയിച്ചിരുന്നു.ഇത് കാരണം സ്ഥാനം മാറ്റി പോകാൻ ശ്രമം നടത്തിയെങ്കിലും കെട്ടിടം പണിയാൻ നഗരസഭ ഭൂമി വാങ്ങി നൽകുമെന്നും കെട്ടിടം പണിക്ക് ആവശ്യമായ ഫണ്ട് ജന പ്രതിനിധികളിൽ നിന്നും ലഭിക്കുമെന്ന ധാരണയിലായിരുന്നു വിദ്യാർത്ഥികളും രക്ഷിതാക്കളും മറ്റ് ജീവനക്കാരും.
വിദ്യാർത്ഥികൾ കുറയുന്നു
മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ നീണ്ട് പോകുന്നത് കാരണം അടുത്ത അദ്ധ്യായന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. മുൻ വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ ഇത്തവണ 17പേരാണ് ഒന്നാം വർഷത്തിൽ അഡ്മിഷൻ എടുത്തത്. സ്വന്തമായി കെട്ടിടമോ, വാടക കെട്ടിടത്തിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തത് കണക്കിലെടുത്താണ് പ്രവേശനം നേടാൻ കുട്ടികൾ മടിക്കുന്നത്.
ഇതര ജില്ലകളിൽ നിന്നും നേരത്തെ പ്രവേശനം നേടിയിരുന്ന നിരവധി കുട്ടികൾ മടങ്ങി പോയിരുന്നു.
അധികൃതർ ഇടപെടുന്നില്ല
സ്വാശ്രയ കോളേജുകളെക്കാൾ കുറഞ്ഞ ചെലവിൽ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് എം.ബി.എ പഠനം സാദ്ധ്യമാക്കാൻ കേരള സർവകലാശാല പുനലൂരിൽ ആരംഭിച്ച വിദ്യാലയത്തിനാണ് സ്വന്തമായി കെട്ടിടം ഇല്ലാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും ബുദ്ധിമുട്ടുന്നത്. ഇത് കൂടാതെ പട്ടണത്തിൽ നിന്നും മതിയായ യാത്രാ സൗകര്യം ഇല്ലാത്തതും വിദ്യാർത്ഥികളെ വലയ്ക്കുകയാണ്.2014ൽ പ്രവർത്തനം ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടും ബന്ധപ്പെട്ടവർ വേണ്ട വിധത്തിൽ ഇടപെടാത്തത് കൊണ്ടാണ് ഇപ്പോഴും വാടക കെട്ടിടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിപ്പിക്കേണ്ടി വരുന്നതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.