kacha

കൊല്ലം: പഞ്ചായത്ത് ​​- നഗരസഭാ വാർഡുകളിൽ പാർട്ടി ബന്ധങ്ങളേക്കാൾ രക്തബന്ധങ്ങൾക്ക് വിലയേറുന്ന കാഴ്ചയാണെങ്ങും. വാർഡുകൾക്കപ്പുറമുള്ള അകന്ന ബന്ധുക്കളെപ്പോലും തിരഞ്ഞെടുപ്പ് കാലത്ത് തിരക്കിച്ചെല്ലുകയാണ്.

വാർഡുകളിൽ രാഷ്ട്രീയ ചർച്ചയില്ല. പക്ഷേ നാട്ടിലെ റോഡും തോടും അങ്കണവാടികളുമൊക്കെ ചർച്ചയാവുന്നുണ്ട്. തൊഴിലുറപ്പുകാരുടെ കൂട്ടായ്മയും വോട്ടൊരുക്കുന്നതിൽ കാര്യമായി സ്വാധീനിക്കാം. പക്ഷേ വാർഡുകളിൽ എല്ലാം പറഞ്ഞുകഴിഞ്ഞാണ് ബന്ധുത്വം വോട്ട് പിടിക്കുന്നത്.
മിക്കയിടത്തും 10 മുതൽ 300 - 400 വോട്ടുകൾ വരെയാകും പരമാവധി ഭൂരിപക്ഷം. ഇതാണ് ബന്ധുബലത്തിൽ നിശ്ചിത വോട്ട് സ്ഥാനാർത്ഥികൾ ഉറപ്പാക്കുന്നത്.

വോട്ടുറപ്പിക്കാൻ ചില ബന്ധുക്കളെ തന്നെ കച്ചകെട്ടിയിറക്കിയിട്ടുണ്ട്. മൂന്നാഴ്ച കഴിഞ്ഞാൽ വോട്ടെടുപ്പായി. ഇതിനിടയിൽ അഞ്ചു തവണയെങ്കിലും സ്ഥാനാർത്ഥികൾ ഓരോ വീടുകളിലുമെത്തും. ബന്ധുവീടുകളിൽ ഒറ്റയ്ക്കാണ് കറക്കം. പറ്റിയാൽ ഭക്ഷണവും കഴിച്ചേ മടങ്ങൂ. ബന്ധുവീടുകളിലെ മറുചേരി സ്വാധീനം ചെലുത്തുന്നുണ്ടോയെന്ന് അറിയാനും ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് ഒരു വിഷയമേ അല്ലാതായിട്ടുണ്ട്. കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും നിയന്ത്രണമുണ്ടെങ്കിലും വാർഡ് നേതാക്കൾ രാഷ്ട്രീയത്തിനപ്പുറമാണ് വീടുകളിലേയ്ക്ക് എത്തുന്നത്. ബന്ധങ്ങൾ പറയാൻ പറ്റാത്തിടത്ത് സൗഹൃദം, പിന്നെ രാഷ്ട്രീയം എന്നതാണ് രീതി.