gas

കൊല്ലം: ചായ ഇടുന്നതിനിടെ ഗ്യാസ് സിലിണ്ടർ ചോ‌ർന്ന് തീപിടിച്ചെങ്കിലും വീട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം ദുരന്തം ഒഴിവായി.

കുരീപ്പുഴ മണലിൽ ക്ഷേത്രത്തിന് സമീപം മണലിൽ നഗർ 10ൽ ജയപ്രകാശിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കുരീപ്പുഴ ചേഞ്ചേരിവയലിൽ മോഹനന്റെ ഭാര്യ ചായ തിളപ്പിക്കാനായി ഗ്യാസ് കത്തിക്കുന്നതിനിടെ റഗുലേറ്ററിന്റെ ഭാഗത്ത് കൂടി ഗ്യാസ് ചോർന്ന് തീപിടിക്കുകയായിരുന്നു.

ഉടൻ തന്നെ വീട്ടുകാർ വെള്ളമൊഴിച്ചും ചണച്ചാക്ക് നനച്ച് മൂടിയും തീകെടുത്തിയ ശേഷം സിലിണ്ടർ ഓഫ് ചെയ്ത് വീടിന് പുറത്തേക്ക് മാറ്റി. തുടർന്ന് വിവരം ഫയ‌ർഫോഴ്സിനെ അറിയിച്ചു. ചാമക്കടയിൽ നിന്ന് ഫയർഫോഴ്സെത്തി സിലിണ്ടറിന്റെ വാഷർ മാറ്റി ചോർച്ച പരിഹരിച്ചു. റഗുലേറ്ററിനും ട്യൂബിനും തകരാറുണ്ടായതൊഴിച്ചാൽ മറ്റ് നാശനഷ്ടങ്ങളോ അപകടമോ ഉണ്ടായില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു.