pic

തിരുവനന്തപുരം: വഞ്ചിയൂരിൽ നടന്ന കോടികളുടെ ട്രഷറി തട്ടിപ്പിൽ ട്രഷറി വകുപ്പിലെ ഉന്നതർക്കും പങ്കുണ്ടെന്ന് സംശയിക്കുന്ന തെളിവുകൾ പുറത്തായി. ട്രഷറിയിലെ സോഫ്റ്റ് വെയർ പിഴവുകളെപ്പറ്റി കഴിഞ്ഞ നവംബറിൽ ട്രഷറി ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പരിഹാര നടപടികൾ സ്വീകരിച്ചില്ലെന്ന വിവരമാണ് പുറത്തായത്. ട്രഷറി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സോഫ്റ്റ് വെയറിൽ പിഴവുണ്ടെന്ന് കഴിഞ്ഞ നവംബറിൽ തന്നെ ട്രഷറി വകുപ്പ് ഡയറക്ടർക്ക് അറിയാമായിരുന്നുവെന്ന രേഖയാണ് പുറത്തു വന്നത്. ബാലൻസ് ഇല്ലാത്ത അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച വിവരമറിയിച്ച് കഴിഞ്ഞ നവംബറിൽ ഡയറക്ടർക്ക് നൽകിയ കത്താണ് പുറത്തായത്.

ഈ വർഷം ജൂലൈ 27നാണ് വഞ്ചിയൂർ സബ് ട്രഷറിയിൽ നടന്ന 2.73 കോടി രൂപയുടെ തട്ടിപ്പ് പുറത്ത് വരുന്നത്. സോഫ്റ്റ് വെയറിലെ പാകപ്പിഴ മുതലാക്കി ഓവർ‍ഡ്രാഫ്റ്റ് എടുത്തുവെന്നാണ് ട്രഷറി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ, പണമില്ലാത്ത അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ കഴിയുന്നതാണ് സോഫ്റ്റ് വെയറെന്ന് കഴിഞ്ഞ നവംബറിൽ തന്നെ ട്രഷറി ഡയറക്ടർക്ക് അറിയാമായിരുന്നു.

ഈ തട്ടിപ്പ് പുറത്ത് വരുന്നതിനും 9 മാസം മുൻപ് കാസർകോട് ജില്ലാ ട്രഷറി ഓഫീസറും ഇതേ പിഴവ് ചൂണ്ടിക്കാട്ടി ഡയറക്ടർക്ക് കത്തയച്ചിരുന്നു. വനിതാ സിവിൽ എക്സൈസ്ഓഫീസറുടെ ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് അധികമായി 48476 രൂപ പിൻവലിച്ചതായിരുന്നു വിഷയം. എന്നാൽ, അധികതുകയാണ് പിൻവലിച്ചതെന്ന് മനസ്സിലായ ഈ ഓഫീസർ പിഴവ് ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോഴാണ് ട്രഷറി ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യം അറിയുന്നത്.

സോഫ്റ്റ് വെയറിലെ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസിലായ ജില്ലാ ട്രഷറി ഓഫീസർ ഇക്കാര്യം ട്രഷറി ഡയറക്ടറെ അറിയിക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം നൽകിയ മറുപടിയിൽ സാങ്കേതിക തകരാറാണെന്ന് ശരി വച്ച ഡയറക്ടർ അവരുടെ ശമ്പളം വരുമ്പോൾ അധികമായെടുത്ത തുക പിൻവലിക്കാൻ നിർദ്ദേശം നൽകി ഫയൽ ക്ലോസ് ചെയ്തു. അതായത് ഇക്കാര്യത്തിൽ വിശദമായ പരിശോധനയോ വിലയിരുത്തലോ അന്നുണ്ടായില്ല. അന്ന് തന്നെ സോഫ്റ്റ് വെയർ പിഴവ് പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ വകുപ്പിന് നാണക്കേടാകുന്ന തട്ടിപ്പ് നടക്കില്ലായിരുന്നുവെന്നാണ് ട്രഷറി വകുപ്പിലെ ഒരുവിഭാഗം ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴും ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. തട്ടിപ്പിൽ ഉന്നതർക്ക് ബന്ധമില്ലെന്ന് പറഞ്ഞ് വിജിലൻസ് അന്വേഷണവും ധനവകുപ്പ് തള്ളിയതോടെ തട്ടിപ്പും സോഫ്റ്റ് വെയർ പിഴവും അടഞ്ഞ അദ്ധ്യായമാകും.