കൊല്ലം: പണ്ടേ പറഞ്ഞുപഴകിയ ഒരു പ്രയോഗമാണ് പൊതുജനത്തെ കഴുതകളാക്കുകയെന്നത്. പക്ഷേ പൊതുജനം കഴുതകളല്ല എന്ന് കാലം തെളിയിക്കും. പറഞ്ഞുവരുന്നത് കൂടുമാറ്റത്തെപ്പറ്റിയാണ്. ഇന്നലെവരെ സി.പി.എമ്മുകാരനായവർ ഇന്നിതാ ബി.ജെ.പിയായി. ഇന്നലത്തെ കോൺഗ്രസുകാരൻ ഒറ്റരാത്രികൊണ്ട് പക്കാ കമ്മ്യൂണിസ്റ്റുകാരനുമായി. സി.പി.എമ്മുകാരൻ സി.പി.ഐയോ ആർ.എസ്.പിയോ ആയാൽ വിപ്ലവത്തിന്റെ പേര് പറഞ്ഞെങ്കിലും ന്യായീകരിക്കാം. ഒരു പ്രത്യയശാസ്ത്രവും നോക്കാതെ അധികാരവും സ്ഥാനവും നോക്കിയുള്ള പാർട്ടി മാറ്റത്തെ എന്തുപറഞ്ഞ് ന്യായീകരിക്കാൻ. തനിക്കും ഭാര്യയ്ക്കും മക്കൾക്കും ബന്ധുക്കൾക്കും സീറ്റുകിട്ടിയില്ലെന്ന് പറഞ്ഞ് പാർട്ടി വിട്ടവരുടെ എണ്ണം ഇപ്പോ ഒത്തിരിയായി. പാർട്ടിവിട്ട ഉടൻ എതിർപാർട്ടിക്കാർ മാലയിട്ട് സ്വീകരിക്കുന്നതാണ് കെങ്കേമം. ജില്ലാ പഞ്ചായത്ത് മുതൽ ബ്ലോക്കിലും വാർഡിലുമെല്ലാം ഇത്തരം ചാട്ടക്കാർ സജീവമാണ്. സ്വന്തംകാര്യം മാത്രംനോക്കി പാർട്ടി വിടുന്നവരെ മറു പാർട്ടിക്കാൻ സ്വീകരിക്കുന്നത് ആരോഗ്യകരമായ രാഷ്ട്രീയമാണോ.
വള്ളിനിക്കറിട്ടു നടന്ന കാലം തൊട്ടേ പാർട്ടിക്കായി കൊടികെട്ടിയും പോസ്റ്ററൊട്ടിച്ചും അടികൊണ്ടും നടന്നവരെ പരിഗണിക്കാതെ പണം നോക്കി മാത്രം ചിലർക്ക് മെമ്പറാവാനും മേയറാകാനുമൊക്കെ അവസരം കൊടുക്കുന്നതും ശരിയല്ല. ആ കീഴ്വഴക്കം മാറിയാൽ ഈ ചാട്ടം ഒഴിവാകുമെന്നു മാത്രമല്ല പാർട്ടിയുടെ വിശ്വാസ്യതയും വർദ്ധിക്കും.
ത്രിവർണ പതാകയേന്തിവർ ഇരുട്ടി വെളുക്കുമ്പോൾ ചെങ്കൊടിയേന്തുന്നത് ജനങ്ങൾ അങ്ങനെയങ്ങ് മറന്നുകളയുമെന്ന് നേതാക്കൾ ധരിക്കരുത്. നിയമസഭയിൽ കെ.എം. മാണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറുടെ ഡയസ് തകർത്ത കേസ് ഇപ്പോഴും കോടതിയിലാണ്. അന്ന് മാണിയെ ആക്രമിച്ചവർ ഇന്ന് മകനെ മാലയിട്ട് സ്വീകരിച്ചു. അതിലും പ്രത്യയശാസ്ത്ര പരിഗണന വല്ലതും ഉണ്ടോ ആവോ. അർഹരായവർ തദ്ദേശം ഭരിക്കട്ടെ. അവർതന്നെ ജനസേവകരാകട്ടെ. അതുവഴി പ്രത്യയശാസ്ത്രങ്ങളും തിളങ്ങട്ടെ.