കൊല്ലം: കൊവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടായതിനൊപ്പം രോഗബാധിതരിൽ കൂടുതൽപേരും വീടുകളിൽ ഒതുങ്ങിയതോടെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ കട്ടിലുകൾ ഒഴിയുന്നു. കഴിഞ്ഞമാസം അവസാനം വരെ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ പോലും പ്രവേശനം ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാലിപ്പോൾ ഇവിടേക്കെത്തുന്ന രോഗികളുടെ എണ്ണം ഇടിഞ്ഞുടങ്ങി. കൊവിഡ് സർവസാധാരണമായതോടെ ജനങ്ങളുടെ ഭയം ഒരു പരിധിവരെ മാറിയതും രോഗമുക്തി നിരക്ക് കൂടിയതും ചികിത്സാ കേന്ദ്രങ്ങളിലെ രോഗികളുടെ എണ്ണം കുറയാൻ കാരണമായെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. വരും ദിവസങ്ങളിൽ ജില്ലയിലെ പല ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും കാലിയാകും.
സി കാറ്റഗറി കുറവില്ല
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന സി കാറ്റഗറിയിൽപ്പെട്ട രോഗികളുടെ എണ്ണത്തിൽ നിലവിൽ കുറവില്ല. നിലവിൽ 50 രോഗികൾക്ക് ജില്ലാ ആശുപത്രിയിലും 72 പേർക്ക് മെഡിക്കൽ കോളേജിലും ഓക്സിജൻ നൽകുകയാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരിൽ അധികവും വയോധികരും കുട്ടികളും ഗർഭിണികളുമാണ്.
രണ്ട് മാസം കൂടി...
രോഗവ്യാപനത്തിൽ ഇപ്പോഴത്തേതുപോലെ ക്രമാനുഗതമായ കുറവുണ്ടായാൽ രണ്ട് മാസത്തിനുള്ളിൽ സ്ഥിതി പൂർണമായും നിയന്ത്രണ വിധേയമാകുമെന്ന പ്രതീക്ഷയാണ് ആരോഗ്യവകുപ്പ് അധികൃതർ പങ്കുവയ്ക്കുന്നത്. വീട്ടിലെ ചികിത്സ ആരോഗ്യവകുപ്പ് ആദ്യം നിർദ്ദേശിച്ചപ്പോൾ പലരും അതിനോട് വിമുഖത കാട്ടിയിരുന്നു. എന്നാൽ രോഗലക്ഷണങ്ങളുള്ളവർ പോലും വീട്ടിൽ തന്നെ കഴിയാൻ നിർബന്ധം പിടിക്കുകയാണിപ്പോൾ.
(ചികിത്സാകേന്ദ്രം, നിലവിൽ ചികിത്സയിലുള്ളവർ, ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ ഉയർന്ന എണ്ണം)
മെഡിക്കൽ കോളേജ് 240 - 280
ജില്ലാ ആശുപത്രി 120 - 220
ആശ്രാമം 80 - 190
ലാ കോളേജ് 60 - 150