തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൃശ്ചികോത്സവത്തിന് നാളെ തിരിതെളിയും .വൈകിട്ട് 3ന് ചേരുന്ന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.സോമരാജൻ ഉത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ആർ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. കൊവിഡ് നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദർശന വിൽപ്പനശാലകൾ, വിനോദ വിജ്ഞാന കേന്ദ്രങ്ങൾ, കലാമേളകൾ, സമുഹസദ്യ എന്നിവ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്.
ആയിരത്തി അഞ്ഞൂറിൽപ്പരം പർണശാലകളിൽ ഭക്തജനങ്ങൾ ഭജനം പാർക്കുന്നതാണ് വൃശ്ചികോത്സവത്തിലെ പ്രധാന ആചാരം ഇത് കിഴക്കും പടിഞ്ഞാറുുമായി രണ്ട് കുടിലുകൾ മാത്രം പ്രതീകാത്മകമായി നിർമ്മിച്ച് ചടങ്ങായി ചുരുക്കും. കൂടാതെെ ഉത്സവത്തോട് അനുബന്ധിച്ച് സാധാരണയായി സംഘടിപ്പിക്കുന്ന പതിനൊന്ന് സമ്മേളനങ്ങളിൽ ഭൂരിഭാഗവും ഓൺലൈനായാണ് ഇത്തവണ നടത്തുന്നത്.
നവംബർ 17 പകൽ 3 ന് ചേരുന്ന മത സമ്മേളനം സ്വാമി ഋതംഭരാനന്ദയും 18 പകൽ 3 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.സുധാകരനും 19പകൽ 3 ന് സംഘടിപ്പിക്കുന്ന വ്യവസായ സമ്മേളനം മന്ത്രി പി. തിലോത്തമനും 20 പകൽ 3 ന് ചേരുന്ന സർവ മത സമ്മേളനം രാജാജി മാത്യു തോമസും 21 പകൽ 3 ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥും 22 പകൽ 3 ന് സംഘടിപ്പിക്കുന്ന ആരോഗ്യ സമ്മേളനം കെ.സി വേണുഗോപാൽ എം.പിയും 24 പകൽ 3 ന് നടക്കുന്ന കാർഷിക സമ്മേളനം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും 25 പകൽ 3 ന് ചേരുന്ന വനിത സമ്മേളനം യു.പ്രതിഭ എം.എൽ.എയും 26 പകൽ 3 ന് സംഘടിപ്പിക്കുന്ന യുവജനസമ്മേളനം കെ.ശബരീനാഥ് എം.എൽ.എയും 27 പകൽ 3 ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത് .
ആൾക്കൂട്ടം അനുവദിക്കില്ല
പത്ത് വയസ്സിൽ താഴെയും അറുപത്തി അഞ്ച് വയസിന് മുകളിലും പ്രായമുള്ളവർക്ക് സമ്മേളനം നടക്കുന്ന ഓഡിറ്റോറിയത്തിൽ പ്രവേശനം അനുവദിക്കുകയില്ല. പടനിലത്ത് ആൾക്കൂട്ടം ഒഴിവാക്കുന്നതിന് ഭക്തജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ് , പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ളള ,വൈസ് പ്രസിഡന്റ് ആർ.ഡി പത്മകുമാർ, ട്രഷറർ വിമൽ ഡാനി എന്നിവർ അറിയിച്ചു.