x

പ്ലാസ്റ്റിക്കും ഫ്ളക്‌സുമൊക്കെ നിരോധിച്ച് നാടിനെ രക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ പരിശോധന കുറഞ്ഞതോടെ പ്ലാസ്റ്റിക് ഉപയോഗത്തിന് വലിയ നിയന്ത്രണങ്ങളില്ലാത്ത അവസ്ഥയാണ്. ഇപ്പോഴിതാ തിരഞ്ഞെടുപ്പുമായി. ബോർഡുകളും ബാനറുകളുമെല്ലാം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുമാത്രമേ പാടുള്ളൂവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. പക്ഷേ പലയിടത്തും കാണുന്ന ബോർഡുകളും ബാനറുകളും നിർമ്മിച്ചിരിക്കുന്നത് തുണിയിലോ വേഗം മണ്ണിനോട് അലിഞ്ഞുചേരുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ചോ അല്ല. എന്നാൽ ചിലയിടത്ത് തുണിയിൽ തന്നെയാണ് ബോർഡുകൾ. ഫ്ലക്‌സിന്റെ രണ്ടോ മൂന്നോ ഇരട്ടി പണം ചെവലാകും തുണി ഉപയോഗിച്ചുള്ള ബാനറുകൾക്ക്. അതുകൊണ്ടു തന്നെ ഫ്ലക്‌സാണ് സ്ഥാനാർത്ഥികൾക്ക് കൂടുതൽ ലാഭകരം. എന്നാൽ ഈ പ്രവണത നിയന്ത്രിച്ചില്ലെങ്കിൽ ഗ്രീൻ പ്രോട്ടോക്കോൾ എങ്ങനെ നടപ്പാകും. തിരഞ്ഞെടുപ്പിൽ ഒന്നു കണ്ണടച്ചേക്കാൻ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞേക്കും. പക്ഷേ അങ്ങനെയായാൽ വീണ്ടും പ്ലാസ്റ്റിക് മാലിന്യത്തിന്റെ ശവപ്പറമ്പാവും നാട്.