കൊല്ലം: ട്രെയിനുകളെ അവശ്യസർവീസായി പ്രഖ്യാപിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. റെയിൽവേ യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സതേൺ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ മന്ത്രാലയം തയ്യാറാകണമെന്നും ഇതിനായി സംസ്ഥാന സർക്കാർ നിർദ്ദേശം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.
സ്ഥിരയാത്രക്കാർക്ക് പ്രയോജനകരമായ തരത്തിൽ എറണാകുളം-കോട്ടയം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്‌പ്രസ്, എറണാകുളം-ആലപ്പുഴ-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ്, പുനലൂർ-തിരുവനന്തപുരം പാസഞ്ചർ എക്‌സ്‌പ്രസ്, പാറശാല-തിരുവനന്തപുരം പാസഞ്ചർ ട്രെയിനുകൾ സമയക്രമം പാലിച്ച് പുനഃസ്ഥാപിക്കണമെന്നും ടിക്കറ്റ് കൗണ്ടറുകൾ തുറക്കാൻ റെയിൽവേ തയ്യാറാകണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രസിഡന്റ് സജീവ് പരിശവിള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാം സമരപ്രഖ്യാപനം നടത്തി. ഡി. ഗീതാകൃഷ്ണൻ, എ.ജെ. ഡിക്രൂസ്, ജോസ് കടവൂർ, എം. മാത്യൂസ്, സാജൻ പീറ്റർ, ആർ.വി. സുകേഷ് തുടങ്ങിയവർ സംസാരിച്ചു.