plastic

കൊല്ലം: കൊവിഡ് വ്യാപനത്തിന് ശമനമില്ലാത്ത അവസ്ഥയിൽ തിരഞ്ഞെടുപ്പുകൂടി എത്തിയതോടെ പ്ലാസ്റ്റിക് നിരോധനം പാടേപാളി. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ അടക്കമുള്ള ഉത്പന്നങ്ങളാണ് വീണ്ടും വിപണിയിൽ സജീവമായത്. കണക്കെടുക്കാനാകാത്ത അത്രയും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒാരോ ദിവസവും ജില്ലയിൽ കുമിഞ്ഞുകൂടുന്നത്. പ്ലാസ്റ്റിക് നിരോധനം കർശനമായി പാലിക്കുന്നതിനിടെയാണ് കൊവിഡ് വ്യാപനമുണ്ടായത്. ചന്തകളിലും കടകളിലും പോകുന്നവർ പ്ലാസ്റ്റിക്ക് ഒഴിവാക്കി തുണി - പേപ്പർ സഞ്ചികൾ ഉപയോഗിക്കുന്നത് ജീവിതത്തിന്റെ ഭാഗമായിത്തുടങ്ങിയപ്പോഴാണ് ശീലങ്ങളെയാകെ മാറ്റിമറിച്ച് വില്ലനായി കൊവിഡെത്തിയത്. അതോടെ നിരന്തര പരിശോധനയും നിരീക്ഷണങ്ങളും നിലച്ചു. വ്യാപാര സ്ഥാപനങ്ങൾ പേപ്പർ - തുണി സഞ്ചികളേക്കാൾ കൂടുതൽ ലാഭകരമായ പ്ലാസ്റ്രിക് ക്യാരി ബാഗുകളുടെ പിന്നാലെ പോയി. സാധനങ്ങൾ പേപ്പറിൽ പൊതിഞ്ഞ് കൊണ്ടുപോകുന്നതിനെക്കാൾ സൗകര്യം പ്ലാസ്റ്റിക് കവറാണെന്ന ചിന്ത ഉപഭോക്താക്കളിലും ഉണർന്നതോടെയാണ് നിരോധനം പാടേ പാളിയത്.

രണ്ടാഴ്ച മുൻപ് പിടിച്ചെടുത്ത് 7.4 ക്വിന്റൽ പ്ലാസ്റ്റിക്

രണ്ടാഴ്ച മുൻപ് പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ 68 പഞ്ചായത്തുകളിൽ ഒരേ സമയം നടത്തിയ പരിശോധനയിൽ 7.4 ക്വിന്റൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്ന വ്യാപാരികളിൽ നിന്ന് അന്ന് പിഴ ഈടാക്കിയതോടെ രണ്ടുമൂന്ന് ദിവസത്തേക്ക് പ്ലാസ്റ്റിക് വിപണിയിൽ നിന്ന് അകന്ന് നിന്നെങ്കിലും വീണ്ടും തിരികെയെത്തുകയായിരുന്നു.

ചൂട് വിഭവങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ

ചൂട് മാറാത്ത ഭക്ഷണ സാധനങ്ങൾ, ഇറച്ചി - മത്സ്യ കറികൾ തുടങ്ങിയവ ഇപ്പോഴും നേർത്ത പ്ലാസ്റ്റിക് കവറുകളിൽ നൽകുന്ന നിരവധി ഹോട്ടലുകളും തട്ടുകടകളും ജില്ലയിലുണ്ട്. ആഹാരത്തിനൊപ്പം പ്ലാസ്റ്റിക് കൂടി ഉരുകി ചേരുമെന്ന് അറിയാമെങ്കിലും അത്തരം ഭക്ഷണങ്ങളെ ഒഴിവാക്കാൻ ആരും തയ്യാറാകുന്നില്ല. ഇത് ഗുരുതരമായ ഉദര രോഗങ്ങൾക്ക് വഴിവെക്കുമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് ജനങ്ങൾ മറന്ന മട്ടാണ്.

പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു

ജലാശയങ്ങൾ, നീർച്ചാലുകൾ, കൈതോടുകൾ, പാതയോരങ്ങൾ തുടങ്ങി എല്ലായിടത്തും കഴിഞ്ഞ ആറ് മാസത്തിനിടെ വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻ തോതിൽ കുമിഞ്ഞുകൂടിയിട്ടുണ്ട്. ഇതോടെ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതും പതിവായി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ശുചിത്വ മിഷനും സർക്കാർ‌ സംവിധാനങ്ങളും നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ എങ്ങനെയാകുമെന്ന് കാത്തിരുന്ന് കണ്ടറിയണം.