c

പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊല്ലം: മായം കലർത്തലിനുൾപ്പെടെ കൂച്ചുവിലങ്ങിടാൻ ജില്ലയിൽ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിലാണ് പരിശോധന.

കഴിഞ്ഞ ദിവസം ബേക്കറികളിലും പാലുത്പന്നങ്ങൾ വില്പന നടത്തുന്ന കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു. വിവിധതരം കവർ പാലുകളുടെയും തൈര്, സംഭാരം, നെയ്യ്, മിൽക്ക് പേട, പനീർ എന്നിവയുടെയും സാമ്പിളുകൾ ശേഖരിച്ചു. ബേക്കറികളിൽ ഏറ്റവുമധികം ചെലവുള്ള ഗുലാ‌ബ് ജാമുൾപ്പെടെയുള്ള വിഭവങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്കെടുത്തിട്ടുണ്ട്.

വെളിച്ചെണ്ണ ഉത്പാദന കേന്ദ്രങ്ങളും നിരീക്ഷണത്തിൽ

ബ്രാൻഡ് രജിസ്ട്രേഷൻ ആരംഭിച്ച ശേഷവും വെളിച്ചെണ്ണയിൽ മായം കലർത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ വെളിച്ചെണ്ണ ഉത്പാദന കേന്ദ്രങ്ങളിലും ഗോഡൗണുകളിലും പരിശോധന തുടർന്നുവരുകയാണെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. ഏതാനും ദിവസം മുമ്പ് കണ്ണനല്ലൂരിലെ വാടക വീട് കേന്ദ്രീകരിച്ച് അനധികൃതമായി പായ്ക്ക് ചെയ്ത് വില്പന നടത്തിവന്ന സുപ്രീം ഗോൾഡ് എന്ന പേരിലുള്ള വെളിച്ചെണ്ണ പിടികൂടിയിരുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനം നിറുത്തലാക്കി സ്റ്റോപ്പ് മെമ്മോ നൽകുകയും വ്യാജവെളിച്ചെണ്ണ വിറ്റതിന് ഷാനവാസ് എന്നയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. വെളിച്ചെണ്ണയിൽ മായം കലർത്തുന്നത് 5 ലക്ഷം രൂപ വരെ പിഴ കിട്ടാവുന്ന കുറ്റമാണ്.

ആര്യങ്കാവിലും അച്ചൻകോവിലും മണ്ഡലകാല സ്ക്വാഡ്

ഏറ്റവുമധികം ഭക്തരെത്തിച്ചേരുന്ന ആര്യങ്കാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങളുടെ പരിസരത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി മണ്ഡലകാല സ്ക്വാഡിനെ നിയോഗിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പുനലൂർ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തിലാണ് സ്ക്വാഡിനെ നിയോഗിക്കുക. ക്ഷേത്ര പരിസരത്തെ സ്റ്റാളുകളുടെ ലൈസൻസ്, ശുചിത്വം, കടകളിൽ ഉപയോഗിക്കുന്ന വെള്ളം എന്നിവ പരിശോധിക്കുകയാണ് ദൗത്യം.

രുചിയോ മണമോ നിറമോ ലഭിക്കാൻ രാസവസ്തുക്കളോ ചേരുവകളിൽ കൃത്രിമമോ ഉണ്ടോയെന്ന് കണ്ടെത്താൻ സാമ്പിളുകൾ ഹൈദരബാദിലെ ലാബിൽ പരിശോധനയ്ക്കായി അയയ്ക്കും

ദിലീപ്, ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ