event

കൊല്ലം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊവിഡ് ഭീഷണിയായി തുടരുമ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്താൻ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ രംഗത്ത്. സ്ഥാനാർത്ഥിപ്രഖ്യാപനം മുതൽ വിജയാഹ്ളാദം വരെയുള്ള എല്ലാ ഘട്ടങ്ങളെയും ഫോട്ടോ, വീഡിയോ, ആനിമേഷൻ എന്നിവയിലൂടെ ആൽബം രൂപത്തിൽ പുറത്തിറക്കിയാണ് പ്രചാരണം. ആൾക്കൂട്ടം ഒഴിവാക്കി കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന പ്രചാരണത്തിന് വീറും വാശിയും കുറയുമ്പോഴാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള ഇലക്ഷൻ പ്രചാരണത്തിന് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ രംഗത്തിറങ്ങിയത്. കൊവിഡിനെ തുടർന്ന് ഗുരുതര പ്രതിസന്ധിയിലായ സ്റ്റുഡിയോ പ്രവർത്തകരും നാടക കലാകാരൻമാരും സ്ക്രിപ്ട് റൈറ്റർമാരും ഉൾപ്പെടുന്നതാണ് ഇവന്റ്മാനേജ്മെന്റ് ടീം.

സേവ് ദ ഡേറ്റിന് സമാനമായി ഷൂട്ടിംഗ്

സ്ഥാനാർത്ഥിയെ വോട്ടർമാർക്ക് പരിചയപ്പെടുത്തുന്നതാണ് ഇവരുടെ ആദ്യപടി. വിവാഹച്ചടങ്ങുകളുടെ സേവ് ദ ഡേറ്റ് പ്രോഗ്രാമിന് സമാനമായി സ്ഥാനാർത്ഥിയുടെ ഫോട്ടോകൾക്കും വീഡിയോകൾക്കുമൊപ്പം വീടും കുടുംബാംഗങ്ങളെയും ഷൂട്ട്ചെയ്ത് വോട്ടർമാരിലെത്തിക്കുകയാണ് ലക്ഷ്യം. വോട്ടർമാരെ നേരിൽക്കാണലും വോട്ടഭ്യർത്ഥനയും കുശലാന്വേഷണങ്ങളും നാമനിർദ്ദേശ പത്രിക സമർപ്പണവുമാണ് അടുത്ത ഘട്ടം. പഞ്ചായത്തംഗമായാൽ വാ‌ർഡ് കൈവരിക്കുന്ന നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സ്ഥാനാർത്ഥിയുടെ പ്രസംഗം,​ വീടുവീടാന്തരം കയറിയിറങ്ങുന്ന ദൃശ്യങ്ങൾ,​ വോട്ടർമാരുടെ പ്രതികരണം, സ്വീകരണ പരിപാടികൾ എന്നുവേണ്ട പരസ്യ പ്രചാരണം അവസാനിച്ചാലും സാമൂഹ്യമാദ്ധ്യമങ്ങളിൽ സ്ഥാനാർത്ഥിയെ വൈറലാക്കാനുള്ള മുഴുവൻ മാജിക്കുകളും ഇവർ പയറ്റും. പ്രചാരണത്തിന്റെ സ്വഭാവമനുസരിച്ച് പതിനായിരം രൂപമുതൽ അരലക്ഷം രൂപവരെയാണ് റേറ്റ്.

കോമ്പോ ഓഫറുകൾ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോമ്പോ ഓഫറുകളുമായും സ്ഥാനാർത്ഥികളെ സമീപിക്കുന്നുണ്ട് ഇവന്റ് ഗ്രൂപ്പുകളും പ്രിന്റിംഗ് പ്രസുകളും. 500 വലിയ പോസ്റ്റർ, ഇലക്ട്രിക് പോസ്റ്റുകളിൽ പതിക്കാൻ കഴിയുന്ന 500 ചെറിയ പോസ്റ്രറുകൾ, തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ 200 പോസ്റ്റർ, 10 ബാനർ, 500 അഭ്യർത്ഥന നോട്ടീസ് എന്നിവ പതിനായിരം മുതൽ 15000 രൂപ വരെയുള്ള ബഡ്ജറ്റിൽ തയ്യാറാക്കി നൽകുന്ന ഓഫറുകളാണ് സ്ഥാനാർത്ഥികൾക്ക് നൽകുന്നത്. പഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർത്ഥികൾക്കാണ് ചെറിയ കോമ്പോ ഓഫറുകൾ കൂടുതൽ സ്വീകാര്യം.

മെയിലയച്ചാൽ നോട്ടീസും ബാനറും റെഡി
വിവിധ മുന്നണികളുടെ വാർഡുതല പ്രചാരണ കൺവീനർമാർ ആകർഷകമായ പരസ്യങ്ങൾ കണ്ട് ഇവന്റ് ഗ്രൂപ്പുകളെ സമീപിക്കുന്നുമുണ്ട്. സ്ഥാനാർത്ഥിയുടെ ചിത്രവും പേരും മെയിൽ ചെയ്ത് നൽകിയാൽ പോസ്റ്ററുകളും നോട്ടീസും ബാനറും പ്രിന്റ് ചെയ്ത് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ എത്തിച്ച് നൽകും. ഫോട്ടോ നൽകിയാൽ ആകർഷകമായ വാചകങ്ങൾ എഴുതി പോസ്റ്റർ അടിച്ച് നൽകുന്ന പ്രസുകളും ഇവന്റ് ഗ്രൂപ്പുകളും ഇതിനകംതന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.