musiam

മത്സ്യത്തിന്റെ ആകൃതിയിലുള്ള മനോഹരമായ ഒരു മ്യൂസിയം ശ്രദ്ധ നേടുന്നു. ഒഡീഷയിലാണ് ഈ മ്യൂസിയം. 330 ഇനം മത്സ്യങ്ങളും 12 ഇനം ചെമ്മീനുകളും ഉണ്ട് ഈ മ്യൂസിയത്തിൽ. വലിയ സവിശേഷതകളുള്ള മിനി അക്വേറിയവും മ്യൂസിയത്തിലുണ്ടാകും. ഒപ്പംതന്നെ മറ്റ് ജൈവ വൈവിദ്ധ്യ കാഴ്ചകളും ഒരുങ്ങുന്നുണ്ട്. പ്രധാനമായും സഞ്ചാരികളെ ആകർഷിക്കാനാണ് ഇത്തരത്തിൽ മത്സ്യത്തിന്റെ ആകൃതിയിൽ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഒരു മത്സ്യത്തിന്റെ ഉള്ളിലേക്ക് കയറിപ്പോകുന്ന വിധത്തിലാണ് മ്യൂസിയത്തിന്റെ നിർമ്മാണം.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉപ്പുജല തടാകമായ ചിൽകയുടെ കരയിൽ ബാർക്കൂളിന് സമീപത്തായാണ് മ്യൂസിയം. ചിൽക ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഈ മനോഹരമായ മ്യൂസിയം പണികഴിപ്പിച്ചിരിക്കുന്നത്. അഞ്ച് രൂപയാണ് പ്രവേശന ഫീസ്.

ചരിത്രപ്രാധാന്യമുള്ള സ്ഥലമായതു കൊണ്ടുതന്നെ ചിൽക സഞ്ചാരപ്രിയർക്കിടയിൽ പ്രശസ്തമാണ്. കലിംഗ രാജവംശത്തിന്റെ കാലത്ത് പ്രധാന വാണിജ്യ കേന്ദ്രവും തുറുമുഖവുമായിരുന്നു ഇവിടം. പിന്നീട് വിനോദ സഞ്ചാര കേന്ദ്രമായി. ചിൽക ഉപ്പുജല തടാകം തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണവും. ഒഡീഷയിലെ മത്സ്യ സമ്പത്ത് സഞ്ചാരികൾക്കും മറ്റുള്ളവർക്കും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ മത്സ്യ മ്യൂസിയം ഒരുക്കിയിരിക്കുന്നത്