kpcc-vichar-vibhag
കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി കൊല്ലം നെഹ്‌റു പാർക്കിൽ സംഘടിപ്പിച്ച ഉപവാസം കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഭരണനിയന്ത്രണം മാഫിയാ സംഘങ്ങൾക്ക് തീറെഴുതിയ പിണറായി സർക്കാരിന്റെ കാലത്ത് കുട്ടികൾക്കെതിരെയുളള കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ആരോപിച്ചു. സംസ്ഥാന ബാലാവകാശ കമ്മിഷനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വിചാർ വിഭാഗ് ഭാരവാഹികൾ ശിശുദിനത്തിൽ കൊല്ലം നെഹ്രു പാർക്കിൽ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലത്തായിലും വാളയാറിലുമടക്കം ഇരകൾക്കൊപ്പം നിൽക്കേണ്ട സർക്കാർ സംവിധാനം വേട്ടക്കാർക്കൊപ്പം ചേരുന്ന സ്ഥിതിയാണ് കാണുന്നത്. ഭരണസംവിധാനത്തിന്റെ രാഷട്രീയ വിധേയത്വത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്ത് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ അരങ്ങേറിയ അസംബന്ധ നാടകമെന്നും അദ്ദേഹം പറഞ്ഞു. അന്തർദ്ദേശീയ നിയമവ്യവസ്ഥകൾക്ക് വിധേയമായി പ്രവർത്തിക്കേണ്ട ബാലാവകാശ കമ്മിഷന്റെ രാഷ്ട്രീയ നിലപാട് കേരളീയ സമൂഹത്തിന് അപമാനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു.

വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബേബിസൺ നെഹ്രു സ്മൃതി സന്ദേശം നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. രാജ്‌മോഹൻ, വിചാർ വിഭാഗ് ഭാരവാഹികളായ എം. സുജയ്, ശശി ഉദയഭാനു, ജോൺസൺ വൈദ്യൻ, കലയപുരം മോനച്ചൻ, ഡോ. പെട്രീഷ്യ ജോൺ, വെളിയം ജയചന്ദ്രൻ, ജോൺസൺ മേലതിൽ, ചെറുവയ്ക്കൽ ഗോപകുമാർ, പ്രൊഫ. സാം പനംകുന്നേൽ, മാത്ര രവി, ആദിനാട് ഗിരീഷ്, എം.എസ്. ശ്രീകുമാർ, കെ. ചന്ദ്രൻപിള്ള, ജലജ, നസീർബായി തുടങ്ങിയവർ സംസാരിച്ചു.

സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. സൂരജ് രവി, ഗീതാകൃഷ്ണൻ, സുമൻജിത്ത് മിഷ തുടങ്ങിയവർ സംസാരിച്ചു.