കരുനാഗപ്പള്ളി: തുലാവർഷം ചതിച്ചാൽ ഇക്കുറി വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാദ്ധ്യത. കരുനാഗപ്പള്ളിയിലെ തഴത്തോടുകളിലെ വെള്ളത്തിന്റെ ലെവലാണ് വരൾച്ചയിലേയ്ക്ക് വിരൽ ചൂണ്ടുന്നത്. കാലവർഷത്തിൽ കരകവിഞ്ഞ് ഒഴുകിയ തഴത്തോടുകൾ വറ്റി വരണ്ട് തുടങ്ങിയതാണ് ജനങ്ങളെ അങ്കലാപ്പിലാക്കുന്നത്. മൂന്ന് തഴത്തോടുകളാണ് കരുനാഗപ്പള്ളി നഗരസഭയുടെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകി കൊതിമുക്ക് വട്ടക്കായലിൽ പതിക്കുന്നത്. ഇതിൽ ഒന്നാം തഴത്തോട് കായംകുളം കായലിൽ നിന്നും രണ്ടാം തഴത്തോട് കൃഷ്ണപുരത്തു നിന്നും മൂന്നാം തഴത്തോട് കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. ഇതിൽ ഒന്നാം തഴത്തോട് വേനൽക്കാലത്ത് പോലും ജലസമൃദ്ധമായിരിക്കും. തഴത്തോടുകൾ കടന്ന് വരുന്ന പ്രദേശങ്ങളിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിൽ തോടുകളുടെ പങ്ക് നിർണായകമാണ്.
തഴത്തോടുകളിൽ വെള്ളം വറ്റി
വേനൽ രൂക്ഷമാകുന്നതിന് മുമ്പ് തന്നെ തഴത്തോടുകളിലെ വെള്ളം വറ്റിത്തുടങ്ങി. തുലാവർഷം കനിഞ്ഞില്ലെങ്കിൽ തഴത്തോടുകൾ വരൾച്ചയിലേക്ക് നീങ്ങും. ഇത് കുടിവെള്ള ക്ഷാമത്തിന് വഴി തെളിക്കും. ഇപ്പോൾ തന്നെ കായൽ തീരങ്ങളിൽ ചെറിയ തോതിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. കായൽ തീരങ്ങളിൽ തമാസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളവും കുഴൽ കിണറുകളിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളവുമാണ് വാട്ടർ അതോറിട്ടി വിതരണം ചെയ്യുന്നത്. ഇതുകൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരമാകുകയില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. . വീട്ടുവളപ്പിലെ കിണറുകളിൽ വെള്ളം നിറഞ്ഞെങ്കിൽ മാത്രമേ കുടിവെള്ള ക്ഷാമം പൂർണ്ണമായും പരിഹരിക്കാൻ കഴിയൂ. തഴത്തോടുകൾ ജല സമ്യദ്ധമാണെങ്കിൽ കിണറുകളിലെ ജലനിരപ്പ് ഉയർന്നിരിക്കും.
കുഴൽ കിണറുകൾ റെഡിയാക്കണം
വേനൽക്കാലം കഠിനമാകുന്നതിന് മുമ്പ് തന്നെ നിലവിൽ നിർമ്മിക്കുന്ന കുഴൽ കിണറുകളുടെ നിർമ്മാണം പൂർത്തിയാക്കുകയും പഴയ കുഴൽ കിണറുകൾ പ്രവർത്തന സജ്ജമാക്കുകയും വേണം. ഇതിനുള്ള നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും യുദ്ധകാലാടിസ്ഥാനത്തിൽ ഉണ്ടാകണം. വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പായി ഉദ്യോഗസ്ഥ മേധാവികളും ജനപ്രതിനിധികളും സംയുക്തമായി വരാൻ പോകുന്ന പ്രശ്നത്തെ ഗൗരവമായി കാണെണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.