കൊല്ലം: കാലാവധി അവസാനിക്കും മുമ്പ് ഉദ്ഘാടന മാമാങ്കങ്ങൾ കൊഴുപ്പിച്ച് നഗരഭരണക്കാർ ഇറങ്ങിപ്പോയത് ചരിത്രപരുഷനായ സി. കേശവനെ അവഗണിച്ചു. പൂർത്തിയാകാത്ത പദ്ധതികളുൾപ്പെടെ ഉദ്ഘാടനം ചെയ്തവർക്ക് കോടികൾ ചെവലഴിച്ച് മാസങ്ങൾക്ക് മുമ്പേ നവീകരിച്ച കൊല്ലം ടൗൺ ഹാളിൽ സി. കേശവന്റെ പേരെഴുതാൻ മാത്രം സമയം കിട്ടിയില്ല.
നഗരത്തിന്റെ പൊതുവികാരം അംഗീകരിച്ചാണ് ഹാൾ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ സി. കേശവന്റെ സ്മാരകമാക്കാൻ തീരുമാനിച്ചത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി പെയിന്റടിച്ചപ്പോൾ ഹാളിന്റെ മുൻഭാഗത്ത് 'സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ' എന്നെഴുതിയിരുന്നത് മറഞ്ഞിരുന്നു. നാല് കോടിയോളം രൂപ ചെലവഴിച്ചുള്ള നവീകരണം പൂർത്തിയായിട്ട് ഒരു വർഷം പിന്നിടുന്നു. പലതവണ നവീകരണവും പെയിന്റിംഗും നടന്നിട്ടുണ്ടെങ്കിലും പൂർത്തിയാകുന്നതിന് പിന്നാലെ തന്നെ സി. കേശവന്റെ പേര് എഴുതുമായിരുന്നു. എന്നാൽ ഇപ്പോൾ കാലാവധി കഴിഞ്ഞ ഭരണസമിതി ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയായിരുന്നു.
നഗരത്തിലെ ഏക സ്മാരകം
തിരു - കൊച്ചി മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്നു സി. കേശവന്റെ പേരിൽ കൊല്ലം നഗരത്തിലുള്ള ഏക സ്മാരകമാണ് ടൗൺ ഹാൾ. 1970 ജൂലായ് 20ന് രാഷ്ട്രപതി വി.വി. ഗിരിയാണ് ടൗൺ ഹാളിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. 1979 ആഗസ്റ്റിൽ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരാണ് ഉദ്ഘാടനം ചെയ്തത്. പിന്നീടാണ് ഹാളിന് മുന്നിൽ സി. കേശവന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചത്.
'' ടൗൺ ഹാളിന്റെ പൂമുഖത്ത് സി. കേശവൻ മെമ്മോറിയൽ ഹാൾ എന്നെഴുതണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഗസ്റ്റിൽ നഗരസഭയ്ക്ക് നിവേദനം നൽകിയതാണ്. ഉടൻ എഴുതുമെന്ന ഉറപ്പ് നൽകിയത് കൊണ്ടാണ് സമരത്തിലേക്ക് പോകാഞ്ഞത്. വോട്ട് കിട്ടാൻ താലൂക്ക് കച്ചേരി ജംഗ്ഷന്റെ പേര് വരെ മാറ്റിയവർ സി. കേശവനെ മറന്നത് ബോധപൂർവമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നവോത്ഥാനത്തിന്റെ അട്ടിപ്പേറ് അവകാശപ്പെടുന്നവർ പിന്നാക്കക്കാരെ വെറും വോട്ട് കുത്തി യന്ത്രങ്ങൾ മാത്രമായാണ് കാണുന്നത്. അതുകൊണ്ടാണ് പിന്നാക്ക വിഭാഗങ്ങളുടെ നായകനായിരുന്ന സി. കേശവനെ മറക്കുന്നത്.''
അഡ്വ. എസ്. ഷേണാജി (ജില്ലാ ചെയർമാൻ, കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ്)