ചാത്തന്നൂർ: നിർമ്മാണം പാതിവഴിയിൽ നിലച്ച പിന്നമുക്ക് - പോളച്ചിറ - അമ്മാരത്ത്മുക്ക് റോഡിൽ യാത്രാദുരിതം രൂക്ഷമാകുന്നു. അഞ്ച് കിലോ മീറ്റർ റോഡിന്റെ രണ്ട് കിലോമീറ്ററോളമുള്ള കൂനംകുളം ഭാഗത്ത് നിലവിൽ കാൽനടയാത്ര പോലും അസാദ്ധ്യമാണ്.
പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡ് രണ്ടര കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്നതിന് ടെണ്ടർ നടപടികൾ പൂർത്തിയാക്കി മൂന്നര വർഷം മുമ്പാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. നിരന്തര സമരങ്ങളെ തുടർന്ന് ആറ് മാസം മുമ്പാണ് നിർമ്മാണം ആരംഭിച്ചത്. വെള്ളക്കെട്ടുള്ള മേഖലകളിൽ ഓട നിർമ്മിക്കുകയും കുണ്ടുംകുഴിയുമായിരുന്ന സ്ഥലങ്ങൾ നികത്തുകയും ചെയ്ത ശേഷം മൂന്ന് കിലോമീറ്റർ ദൂരം ഒരു ലെയർ ടാറിംഗ് നടത്തി. എന്നാൽ ബാക്കിയുള്ള രണ്ട് കിലോ മീറ്റർ ദൂരം ടാറിംഗ് നടത്താതെയാണ് കരാറുകാരൻ നിർമ്മാണ പ്രവൃത്തികൾ അവസാനിപ്പിച്ചത്. നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വകുപ്പ്തല നോട്ടീസ് നൽകിയെങ്കിലും കരാറുകാരൻ അവഗണിക്കുകയാണെന്നാണ് പി.ഡബ്ളിയു.ഡി അധികൃതർ പറയുന്നത്.
യാത്രാക്ലേശം രൂക്ഷമായ പോളച്ചിറ ഭാഗത്തേയ്ക്ക് അമ്മാരത്ത് മുക്ക്, ഡോക്ടർ മുക്ക് ഭാഗങ്ങളിൽ നിന്ന് ഓട്ടോറിക്ഷ പോലും വിളിച്ചാൽ വരാത്ത അവസ്ഥയാണ് നിലവിൽ. ഇളകിയ മെറ്റലുകളിൽ കയറി ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്.
നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച കരാറുകാരനെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.
നാട്ടുകാർ