കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി കിണറ്റിൽ അകപ്പെട്ടയാളെ ഫയർഫോഴ്സ് രക്ഷിച്ചു. കടയ്ക്കൽ സംഭ്രമം പുത്തൻ വീട്ടിൽ ഷാജഹാനാണ് (53) കിണറ്റിലകപ്പെട്ടത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഷാജഹാന്റെ വീട്ടിലെ ആട് കിണറിന്റെ ആൾമറയിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണു. ആടിനെ രക്ഷിക്കാനായി 25 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ഇറങ്ങിയ ഷാജഹാൻ വീട്ടുകാരുടെ സഹായത്തോടെ ആടിനെ കയറിൽ കെട്ടി കരയ്ക്ക് കയറ്റി.ആടിനെ കരയ്ക്ക് കയറ്റിയതിനെ തുടർന്ന് ക്ഷീണിതനായ ഷാജഹാന് പിന്നീട് കിണറ്റിൽ നിന്ന് മുകളിലേക്ക് കയറാൻ കഴിഞ്ഞില്ല. കിണറിലേക്കുള്ള കയറിൽ തൂങ്ങികിടന്ന ഷാജഹാനെ വിവരമറിഞ്ഞ് കടയ്ക്കലിൽ നിന്നെത്തിയ ഫയർഫോഴ്സുകാർ ഇറങ്ങിയാണ് രക്ഷപ്പെടുത്തിയത്. ശരീരം തളർന്ന് പോയതാണ് ഇയാൾ കിണറിൽ കുടുങ്ങിപ്പോകാൻ ഇടയാക്കിയത്.