c
വീടിന്റെ രണ്ടാം നിലയിലിരുന്ന് തന്റെ ചിത്രം അടങ്ങിയ പോസ്റ്റർ ഉയർത്തിക്കാട്ടി വോട്ടുപിടിക്കുന്ന സ്ഥാനാർത്ഥി

പുനലൂർ: കൊവിഡ് ബാധിച്ചിട്ടും മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവർ പുനലൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെ കണ്ടുപഠിക്കണം. കോൺഗ്രസ് നേതാവും മുൻ നഗരസഭാ പ്രതിപക്ഷ നേതാവുമായ നെൽസൺ സെബാസ്റ്റ്യനാണ് തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതോടെ ഹോം ക്വാറന്റൈനിലിരുന്ന് സമ്മതിദായകരോട് വോട്ടഭ്യർത്ഥിച്ച് മാതൃകയാകുന്നത്. പുനലൂർ പേപ്പർ മിൽ-കാര്യറ പാതയോരത്ത് താമസിക്കുന്ന ഇദ്ദേഹം വീടിന്റെ രണ്ടാം നിലയിൽ നിന്ന് റോഡിലൂടെ പോകുന്ന യാത്രക്കാരോട് തന്റെ ചിത്രം അടങ്ങിയ പോസ്റ്റർ ഉയർത്തിക്കാട്ടിയാണ് വോട്ടുതേടുന്നത്. നേതാജി വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. ഇടതുമുന്നണിയിലെ അജി ആന്റണിയാണ് എതിർ സ്ഥാനാർത്ഥി. ഫോൺ വിളിച്ചും ഫേസ് ബുക്ക് വഴിയും നെൽസൺ സെബാസ്റ്റ്യൻ വോട്ട് തേടുന്നുണ്ട്. 12നാണ് യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ ഇദ്ദേഹവും ഉൾപ്പെട്ടത്. തിങ്കളാഴ്ച വീണ്ടും സ്രവ പരിശോധന നടത്തുമെന്നും രോഗമുക്തനായാൽ ആരോഗ്യ വകുപ്പിന്റെ അനുവാദത്തോടെ നേരിട്ടെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും സ്ഥാനാർത്ഥി അറിയിച്ചു. ഇല്ലെങ്കിൽ ഏജന്റ് വഴി പത്രികാ സമർപ്പണം നടത്താനാണ് തീരുമാനം. 2ന് കൊല്ലം ഡി.സി.സി ഓഫീസിൽ നടന്ന യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് പോസിറ്റീവായത്. സമ്പർക്കത്തെ തുടർന്നാകാം രോഗ ബാധയുണ്ടായതെന്നാണ് കരുതുന്നത്.