കൊല്ലം: വനിതാ കമ്മിഷനംഗം ഷാഹിദ കമാൽ സിനിമാ നടിയായി!. പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന 'ഇടത് വലത് തിരിഞ്ഞ്' എന്ന ചിത്രത്തിലാണ് സി.പി.എം നേതാവുകൂടിയായ ഷാഹിദ കമാൽ അഭിനയിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പട്ട നാടക കലാകാരന്മാർക്ക് സമാശ്വാസത്തിനായി ഒരുക്കുന്നതാണ് സിനിമ. കൊല്ലം അശ്വതി ഭാവന നാടക സമിതിയുടെ ഉടമ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയും തിരക്കഥയുമെഴുതിയ ചിത്രത്തിൽ 54 നാടകകലാകാരന്മാണ് വേഷമിടുന്നത്. കരുനാഗപ്പള്ളിയിലും ഒാച്ചിറയിലുമായാണ് 25 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. സ്വർണവ്യാപാരികളുടെ കൂട്ടുകുടുംബവുമായി ബന്ധപ്പെട്ടുള്ളതാണ് കഥ. വീട്ടുകാരണവരായി വേഷമിട്ടത് മജീഷ്യൻ സാമ്രാട്ടാണ്. അദ്ദേഹത്തിന്റെ ഭാര്യ ആരിഫയായിട്ടാണ് ഷാഹിദ കമാൽ അഭിനയിച്ചത്. ഇവരുടെ മകളുടെ വേഷത്തിൽ മുഖ്യകഥാപാത്രമായെത്തുന്നത് പുതുമുഖമായ ഭാഗ്യലക്ഷ്മിയാണ്. കലോത്സവ വേദികളിലൂടെ എത്തിയ അർജുൻ കെ. കുളത്തിങ്കലാണ് നായകൻ. പതിനഞ്ച് ലക്ഷം രൂപയാണ് ചിത്രത്തിന് ബഡ്ജറ്റ് ഇട്ടിട്ടുള്ളത്. സിനിമയുടെ ലാഭം ദുരിതമനുഭവിക്കുന്ന നാടക കലാകാരൻമാർക്കായി ഉപയോഗപ്പെടുത്താനാണ് തീരുമാനം. പ്രതിഫലം വാങ്ങാതെയാണ് ഷാഹിദയടക്കമുള്ള പ്രമുഖർ അഭിനയിച്ചത്. ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ. പുനലൂർ സോമരാജനും ഒരു കഥാപാത്രമായെത്തുന്നുണ്ട്.
''
സെൻസർ ബോർഡ് അംഗമായിരുന്ന വേളയിൽ പലരും അഭിനയിക്കാൻ വിളിച്ചിരുന്നു. എന്നാൽ അഭിനയിക്കാൻ കഴിയില്ലെന്ന് കരുതി ഒഴിഞ്ഞുമാറി. നാടക കലാകാരൻമാരെ സഹായിക്കാനുള്ള സിനിമയായതിനാലാണ് താത്പര്യം വന്നത്.
ഷാഹിദ കമാൽ