c

പയർ, വറ്റൽമുളക്, ഉഴുന്ന് എന്നിവയുടെ വില കൂടി

കൊല്ലം: വിപണിയിൽ വെളിച്ചെണ്ണയുടെ വില റെക്കാർഡിലേക്ക് കുതിക്കുന്നു. രണ്ടാഴ്ച മുൻപ് ലിറ്ററിന് 165 രൂപയായിരുന്ന ലൂസ് വെളിച്ചെണ്ണ കഴിഞ്ഞ ദിവസം 190 ലേക്ക് ഉയർന്നു. ഇരുനൂറിന് മുകളിലാണ് ബ്രാൻഡഡ് വെളിച്ചെണ്ണകളുടെ വില. കൊപ്രയുടെ ദൗർലഭ്യമാണ് വെളിച്ചെണ്ണയുടെ വില ഇത്രയും ഉയരാൻ കാരണം. ലൂസ് വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞയാഴ്ച 180 രൂപയാണ് ഈടാക്കിയിരുന്നത്. ദിവസങ്ങൾക്കുള്ളിലാണ് പത്ത് രൂപയുടെ വർദ്ധനവുണ്ടായത്. സിലോണിൽ നിന്നുള്ള തേങ്ങയുടെ വരവ് കൊവിഡിന്റെ പശ്ചാത്തലത്തിൽ മുടങ്ങിയതോടെ തമിഴ്നാട്ടിൽ നിന്ന് മാത്രമാണ് തേങ്ങയെത്തുന്നത്. തമിഴ്നാട് കൊപ്ര ആട്ടുമ്പോൾ എണ്ണ കുറവുമാണ്. പയർ, വറ്റൽമുളക്, ഉഴുന്ന് എന്നിവയുടെ വിലയും കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചു. അരി, പഞ്ചസാര, മല്ലി എന്നിവയുടെ വില ആഴ്ചകളായി ഒരേ നിലവാരത്തിൽ തുടരുകയാണ്.

ഉള്ളി വില താഴാൻ ഡിസംബർ വരെ കാക്കണം

കൊച്ചുള്ളിയുടെ വില ഒരുമാസമായി 90- 95 രൂപയിൽ തുടരുകയാണ്. ഡിസംബറിൽ പുതിയ സീസൺ ആരംഭിക്കുമ്പോഴേ വില താഴാൻ സാദ്ധ്യതയുള്ളുവെന്നാണ് വ്യാപാരികൾ പറയുന്നത്. സാധാരണ സവാളയുടെ വില കൂടുമ്പോൾ കൊച്ചുള്ളിയുടെ വില താഴേണ്ടതാണ്. കൊച്ചുള്ളി വില കൂടുമ്പോൾ സവാള വില ഇടിയാറാണ് പതിവ്.

പൂനെയിൽ നിന്ന് സവാളയെത്തിച്ചത് ഗുണകരമായി

ഒരുമാസം മുൻപ് നൂറിലേക്ക് ഉയർന്ന സവാള വില 60 ലേക്ക് താഴ്ന്നിട്ടുണ്ട്. പൂനെയിൽ നിന്ന് കൂടുതൽ സവാളയെത്തിച്ച് ഹോർട്ടികോർപ്പ് വഴി സർക്കാർ നടത്തിയ ഇടപെടലാണ് വില താഴാൻ കാരണം. വരും ദിവസങ്ങളിൽ സവാളവില കൂടുതൽ ഇടിയാൻ സാദ്ധ്യതയുണ്ട്. കൊവിഡ് കാലത്തിന് മുൻപ് സംസ്ഥാനത്ത് പ്രതിദിനം 400 ടൺ സവാളയാണ് എത്തിയിരുന്നത്. ഇപ്പോൾ ഹോട്ടലുകളിൽ കാര്യമായ കച്ചവടം ഇല്ലാത്തതിനാലും വിവാഹം അടക്കമുള്ള ചടങ്ങുകൾക്ക് വലിയ ആൾക്കൂട്ടം ഒഴിവായതിനാലും സവാള വരവ് 200 ടൺ ആയി താഴ്ന്നിട്ടുണ്ട്.

വിലനിലവാരം

ഇനം, ഇപ്പോൾ ഒരാഴ്ച മുൻപ്

വെളിച്ചെണ്ണ (ലൂസ്) - 190, 180

പയർ - 115, 105

വറ്റൽ മുളക് - 180, 170

സവാള - 60, 80

കൊച്ചുള്ളി - 95, 95