കൊട്ടാരക്കര: പുത്തൂർ ശ്രീനാരായണപുരം കോലിയക്കോട് ഭാഗത്ത് മുപ്പത്തിയഞ്ച് വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച ഉപയോഗസൂന്യമായ വാട്ടർ ടാങ്ക് പരിസരവാസികൾക്ക് ഭീഷണിയാകുന്നു. എത് സമയത്തും നിലം പൊത്താവുന്ന രീതിയിൽ സ്ഥിതി ചെയ്യുന്ന വാട്ടർ ടാങ്ക് എത്രയും വേഗം പൊളിച്ച്നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും പലതവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി. എന്നിട്ടും നടപടിയുണ്ടാകാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് പരിസരവാസികൾ.
ദയാവധം കാത്ത്
1984ൽ ഗോപാലകൃഷ്ണപിള്ള ജില്ലാ കളക്ടറായിരുന്നപ്പോൾ സി.കെ.തങ്കപ്പൻ എം.എൽ.എ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നാടിന് സമർപ്പിച്ച കോലിയക്കോട് കുടിവെള്ള പദ്ധതിയുടെ വാട്ടർടാങ്കാണ് ഇപ്പോൾ ദയാവധം കാത്തുകിടക്കുന്നത്. ശ്രീനാരായണപുരം ഗ്രാമത്തിനുമാത്രം പ്രയോജനപ്പെട്ടിരുന്ന ഈ പദ്ധതിയിൽ ജലശുദ്ധീകരണത്തിനുള്ള സൗകര്യമില്ലായിരുന്നു. പിന്നീട് ഈ പദ്ധതി കുളക്കട പവിത്രേശ്വരം പദ്ധതിയായി മാറുകയും ജലശ്രോതസും ശുദ്ധീകരണ സൗകര്യവും കുളക്കടയിലേക്കുമാറ്റുകയും ചെയ്തു.പവിത്രേശ്വരം പ്രദേശത്തെ ജലസംഭരണത്തിന് പൊരീക്കലിന് സമീപത്തെ ജലസംഭരണിയാണ് ഉപയോഗിച്ചുവന്നിരുന്നത്. അതോടെ കോലിയക്കോട് പദ്ധതി തന്നെ ഇല്ലാതായി. ജലസംഭരണി അന്നുമുതൽ അനാഥമായി.
ആരും തിരിഞ്ഞുനോക്കാനില്ല
ആരും തിരിഞ്ഞുനോക്കാനില്ലാതായതോടെ ജലസംഭരണിയുടെ പില്ലറുകളും ബീമുകളും പൊട്ടിക്കീറി സിമന്റ് പാളികൾ ഇളകി വീഴാൻ തുടങ്ങുകയും കമ്പികൾ പഴകി ദ്രവിച്ച് ജലസംഭരണി ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമായി.ഈ ജലസംഭരണിക്ക് സമീപം നിരവധി വീടുകൾ ഉണ്ട്.ഇവിടെ താമസിക്കുന്ന കുട്ടികളും സ്ത്രീകളും മുതിർന്നവരും കുറെ നാളായി ഉൾഭീതിയോടെയാണ് കഴിയുന്നത്.അധികൃതർ അടിയന്തരമായി ബന്ധപ്പെട്ട് ഈ അപകടഭീഷണി ഉയർത്തുന്ന ജലസംഭരണി പൊളിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.