കരുനാഗപ്പള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പിന്റെ മുന്നണിതല ചർച്ചകൾ പൂർത്തീകരണത്തിന്റെ വക്കിൽ എത്തിയതോടെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക നൽകുന്നതിന് മുമ്പായി വോട്ടർമാരെ നേരിൽ കാണാൻ തുടങ്ങി. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ പരിധയിൽ വരുന്ന ത്രിതല ഗ്രാമപഞ്ചായത്തുകളിലെ സീറ്റുകളെ സംബന്ധിച്ച് എൽ.ഡി.എഫ് മുന്നണിയിലെ ചർച്ചകൾ ഏതാണ്ട് പൂർത്തിയായി. 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 2 ഡിവിഷനുകളിൽ സി.പി.ഐ യും ഒരിടത്ത് സി.പി എമ്മും മത്സരിക്കും. 14 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ 9 ഇടത്ത് സി.പി.എമ്മും 4 ഇടങ്ങളിൽ സി.പി.ഐയും ഒരു വാർഡിൽ എൽ.ഡി.എഫ് പൊതു സ്വതന്ത്രനും മത്സരിക്കാൻ തീരുമാനമായി. മുന്നണിയിലെ ഘടക കക്ഷികൾക്കും അർഹമായ പ്രാതിനിദ്ധ്യം നൽകി കൊണ്ടാണ് ഇക്കുറി സീറ്റിന്റെ കാര്യത്തിൽ ധാരണ ഉണ്ടാക്കിയിട്ടുള്ളത്. ഏതാനം ചില സീറ്റുകളിൽ മാത്രമാണ് നീക്ക് പോക്ക് നടത്താനുള്ളത്.അത് ഇന്ന് നടക്കുന്ന ചർച്ചയിലൂടെ പരിഹാരമാകും.

ചുവരെഴുത്ത് തുടങ്ങി

ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും കരുനാഗപ്പള്ളി മുൻസിപ്പൽ ഡിവിഷനുകളിലും സ്ഥാനാർത്ഥികൾ ചുവരെഴുത്ത് ഉൾപ്പടെയുള്ള പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. യു.ഡി.എഫ് മുന്നിണിയിൽ ഗ്രാമപഞ്ചായത്തുകളിലേയും കരുനാഗപ്പള്ളി മുൻസിപ്പൽ ഡിവിഷനുകളിലേയും സീറ്റുകളെ സംബന്ധിച്ച് മുന്നണി തലത്തിൽ ധാരണയായി. 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ 13 ഇടത്തും കോൺഗ്രസും 1 ബ്ലോക്ക് ഡിവിഷനിൽ ആർ.എസ്.പി യും മത്സരിക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 2 ഇടത്ത് കോൺഗ്രസും തൊടിയൂർ ഡിവിഷനിൽ ആർ.എസ്.പി യും മത്സരിക്കാൻ ധാരാണയായി. എങ്കിലും ഘടക കക്ഷികളിൽ ചെറിയ മുറുമുറുപ്പ് ഉയരുന്നുണ്ട്. എൻ.ഡി.എ മുന്നണി മണ്ഡലത്തിലെ 116 ഗ്രാമപഞ്ചായത്ത് വാർഡുകളിലും 14 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 3 ജില്ലാ ഡിവിഷനുകളിലും മത്സരിക്കാൻ തീരുമാനച്ചതായി മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷ് അറിയിച്ചു.

വോട്ടർമാരെ കണ്ട് തുടങ്ങി

മിക്ക വാർഡുകളിലും സ്ഥാനാർത്ഥികൾ വോട്ടർമാരെ കണ്ട് തുടങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് സ്ഥാനാർത്ഥികൾ വീട് വീടാന്തരം കയറി വോട്ടർമാരെ കാണുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വരണാധികാരി കഴിഞ്ഞ ദിവസം രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ചേർത്ത് ആവശ്യമായ നർദ്ദേശങ്ങൾ നൽകി.