kallu
കല്ലുപാലത്തിന് താഴെ കൊല്ലം തോടിന്റെ തീരത്തുണ്ടായിരുന്ന കൽപ്പടവുകൾ. 1900ൽ കല്ലുപാലത്തിന് മുകളിൽ നിന്ന് പകർത്തിയ ചിത്രം

കൊല്ലം: പൊളിച്ചുനീക്കിയ കല്ലുപാലത്തിന് അരികെയുള്ള കൽപ്പടവുകളും ബോട്ട്ജെട്ടിയും പുനർനിർമ്മിക്കുന്നു. അരനൂറ്റാണ്ടപ്പുറം നിരന്തരം ചരക്ക് വള്ളങ്ങൾ അടുത്തിരുന്ന ഈ കടവിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്ന തരത്തിൽ പരമ്പരാഗത ശൈലിയിലാകും നിർമ്മാണം.

ജില്ലാ ആശുപത്രിയിൽ നിന്നുള്ള റോഡ് വന്നിറങ്ങുന്ന കല്ലുപുറം കടവ് മുതൽ കല്ലുപാലം വരെയുള്ള കൊല്ലം തോടിന്റെ 280 മീറ്റർ നീളത്തിലുള്ള തീരഭാഗത്ത് നടപ്പാത നിർമ്മിക്കും. കല്ലുപുറം കടവിൽ ബോട്ടുകൾ അടുപ്പിക്കാൻ വിശാലമായ പുതിയ കടവൊരുക്കും. നടപ്പാത അവസാനിക്കുന്ന പഴയ കല്ലുപാലത്തിന്റെ ഭാഗത്ത് നിലവിലുള്ള കൽപ്പടവുകളും ബോട്ട്ജെട്ടിയും പുനർനിർമ്മിക്കും.

 ബോട്ട് സർവീസ് ആരംഭിക്കും

ആശ്രാമം ബോട്ട്ജെട്ടിയിൽ നിന്ന് കല്ലുപുറം വരെയും അവിടെ നിന്ന് കല്ലുപാലം വരെയും ബോട്ട് സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. നിലവിൽ കല്ലുപുറം ഭാഗം മാലിന്യനിക്ഷേപ കേന്ദ്രമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഇവിടുത്തെ മാലിന്യ നിക്ഷേപത്തിന് തടയിടും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഉടൻ കാമറകളും സ്ഥാപിക്കും.

 ചരിത്രത്തിന്റെ ഏടുകളിൽ

150 വർഷം മുമ്പ് സേതു പാർവതി ഭായി തിരുവിതാംകൂർ റാണിയായിരുന്ന കാലത്താണ് പാർവതി പുത്തനാറിനെയും അഷ്ടമുടിക്കായലിനെയും ബന്ധിപ്പിച്ച് കൊല്ലം തോട് വെട്ടിയത്. പുതിയ തോട് വന്നതോടെ ഇരുവശത്തേയ്‌ക്കുമായി മാറിയ ചാമക്കട മുതൽ ലക്ഷ്മിനട വരെയുള്ള കച്ചവടശാലകളെ ബന്ധിപ്പിക്കുന്നതിനാണ് 1880കളുടെ അവസാനത്തിൽ കല്ലുപാലം നിർമ്മിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു.

കരിങ്കല്ല് കൊണ്ടായിരുന്നു നിർമ്മാണം. പ്രധാന വ്യാപാരകേന്ദ്രങ്ങളെ വെട്ടിമുറിച്ചുകൊണ്ടാണ് തോട് നിർമ്മിച്ചതെങ്കിലും പാലം വന്നതോടെ നഗരത്തിലെ വ്യാപാരം കൂടുതൽ അഭിവൃദ്ധിപ്പെടുകയായിരുന്നു. ഇപ്പോൾ തകർന്ന നിലയിലുള്ള കൽപ്പടവുകൾ നിർമ്മിച്ചതും പാലത്തിനൊടൊപ്പമായിരുന്നു.

ദൂരദേശങ്ങളിൽ നിന്ന് വള്ളങ്ങളിൽ ഇവിടേയ്‌ക്ക് ധാരാളമായി ചരക്ക് കൊണ്ടുവന്നിരുന്നതിനൊപ്പം ഇവിടെ നിന്ന് മറ്റ് ഉത്പന്നങ്ങൾ തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നു.

 '' 45 ലക്ഷം രൂപ ചെലവിൽ കല്ലുപുറം മുതൽ കല്ലുപാലം വരെ നടപ്പാതയും രണ്ടിടത്ത് കൽപ്പടവുകളും കടവും ഒരുക്കാനുള്ള പദ്ധതി ടെണ്ടർ ചെയ്തിരിക്കുകയാണ്. എം. മുകേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.''

ജോയി ജനാർദ്ദനൻ (ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയർ)