കൊല്ലം: കോട്ടാത്തലയുടെ അടയാളമായ തണ്ണീർപന്തൽ ജംഗ്ഷനിലെ കൽ മണ്ഡപം തകർച്ചയിൽ.രാജഭരണകാലത്തിന്റെ തിരുശേഷിപ്പായ മണ്ഡപം സംരക്ഷിക്കാൻ നടപടിയില്ല. മരച്ചില്ല വീണ് മേൽക്കൂര തകർന്ന മണ്ഡപം അധികൃതർ ശ്രദ്ധിക്കുന്നില്ല. കോട്ടാത്തല ജനതാ വായനശാലയോട് ചേർന്നാണ് തലമുറകൾ പഴക്കമുള്ള മണ്ഡപം സ്ഥിതി ചെയ്യുന്നത്. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് നിർമ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്. പാരമ്പര്യത്തിന്റെ നിർമ്മാണ വൈദഗ്ധ്യം വിളിച്ചോതുന്ന മണ്ഡപം കരിങ്കല്ലിലാണ് നിർമ്മിച്ചത്. അടിസ്ഥാനവും തൂണുകളും മാത്രമല്ല, മുകളിൽ ഉത്തരമായി സ്ഥാപിച്ചിരിക്കുന്നതും കരിങ്കല്ലാണ്. മേൽക്കൂരയിൽ ഓട് പാകിയതാണ്. അതെല്ലാം ഇപ്പോൾ പൊളിഞ്ഞു വീണിട്ടുണ്ട്. മണ്ഡപത്തിന്റെ നാല് തൂണുകളിലും രാജാവിനെയും രാജ്ഞിയെയും ഗണപതിയെയും മഹാലക്ഷ്മിയെയും കൊത്തിയൊരുക്കിയിട്ടുണ്ട്. നാട്ടുകൂട്ടം കൂടിയിരുന്നതും ഈ കൽമണ്ഡപത്തിലാണെന്ന് പറയപ്പെടുന്നു. സമീപത്തായുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാജാവ് സന്ദർശിക്കാറുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇളയിടത്ത് സ്വരൂപവും കുടുംബവും ഇവിടേക്ക് വരാറുണ്ടായിരുന്നു. ക്ഷേത്രത്തിൽ രാജകുടുംബത്തിന് വിശ്രമിക്കുന്നതിനായി പ്രത്യേക കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. മണ്ഡപത്തിന്റെ കണ്ണെത്തും ദൂരത്ത് വിശാലമായ കുളമുണ്ട്. കുളിക്കടവുകളും കൽക്കെട്ടുകളുമൊക്കെയുള്ള കുളത്തിൽ നീരാട്ട് കഴിഞ്ഞാണ് രാജകുടുംബാംഗങ്ങൾ ക്ഷേത്ര ദർശനം നടത്തിയിരുന്നത്. കുളവും നാശത്തിലേക്ക് കൂപ്പുകുത്തിയിരുന്നുവെങ്കിലും ഇപ്പോൾ സംരക്ഷണ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്.
ആൽമരക്കൊമ്പ് വീണ് തകർച്ച
മണ്ഡപവും സമീപത്തെ ആൽമരത്തണലും വഴിയാത്രക്കാർക്ക് ആശ്വാസം പകർന്നിരുന്നു. ചുമടിറക്കിവയ്ക്കാൻ ചുമടുതാങ്ങിയും ഉണ്ടായിരുന്നത് മറിഞ്ഞുകിടപ്പുണ്ട്. അടുത്തകാലത്ത് മണ്ഡപത്തിന് ടൈൽ പാകി വൃത്തിയാക്കിയിരുന്നു. രണ്ട് വർഷം മുൻപ് ആൽമരത്തിന്റെ പ്രധാന ശിഖരം ഒടിഞ്ഞുവീണു. അതോടെ ശേഷിക്കുന്ന ഭാഗവും മുറിച്ചുമാറ്റണമെന്നായി. കളക്ടർ മരം മുറിയ്ക്കാൻ ഉത്തരവിട്ടെങ്കിലും ഇതിനായി അനുവദിച്ച തുക കുറവായിരുന്നു. ശേഷിച്ച തുക നാട്ടുകാർ സമാഹരിച്ചാണ് മരം മുറിച്ചത്. മരത്തിന്റെ ശിഖരം പതിച്ച് മണ്ഡപത്തിന്റെ മേൽക്കൂര തകർന്നു. കാലതാമസമില്ലാതെ അറ്റകുറ്റപ്പണി നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയെങ്കിലും
നടപടിയുണ്ടായില്ല.
തടി നീക്കം ചെയ്തില്ല
വലിയ ആൽമരം മുറിച്ചിട്ടെങ്കിലും തടി ഇവിടെ നിന്നും നീക്കം ചെയ്തിട്ടില്ല. വായനശാലയുടെ വഴി അടച്ചുകൊണ്ടാണ് കൂറ്റൻ തടികൾ കിടക്കുന്നത്. മണ്ഡപത്തിന്റെ അടുത്തേക്ക് പോകാനും കഴിയില്ല. നാടിന്റെ സാംസ്കാരിക നിലയവും പൈതൃക മണ്ഡപവും മറയുന്ന തരത്തിൽ തടികൾ കൂട്ടിയിട്ടിരിക്കുന്നതിനെതിരെ പ്രതിഷേധവും രൂക്ഷമാണ്. തിരഞ്ഞെടുപ്പിന്റെ തിരക്കിൽ അധികൃതർ ഇക്കാര്യം അവഗണിക്കുന്നുമുണ്ട്.
മണ്ഡപം സംരക്ഷിക്കും
കോട്ടാത്തലയിൽ പഴമയുടെ അടയാളമായി സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള കൽ മണ്ഡപം സംരക്ഷിക്കാൻ എല്ലാവിധ ഇടപെടലുകളും നടത്തിയിട്ടുണ്ട്. തകർന്ന മേൽക്കൂര മാറ്റി പഴമയ്ക്ക് കോട്ടം തട്ടാതെ പുന:സ്ഥാപിക്കും. പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ മണ്ഡപം സന്ദർശിച്ചിരുന്നു. ആൽമരത്തിന്റെ തടികൾ മാറ്റുന്നതോടെ വായനശാലയുടെ മുറ്റത്തും സൗന്ദര്യവത്കരണമെത്തും.
എൻ.ബേബി, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മൈലം ഗ്രാമപഞ്ചായത്ത്