arfan-
അർഫാൻ

കൊല്ലം: ആഡംബര ബൈക്കിൽ പാറശാലയിൽ നിന്ന് ചാത്തന്നൂരിലെത്തി മാല കവർന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. പാറശാല ഇഞ്ചിവിള ബീവി മൻസിലിൽ അർഫാൻ എന്ന യാസർ അർഫത്താണ് (19) അറസ്റ്റിലായത്. പാറശാല ഇഞ്ചിവിളയിൽ നിന്ന് പ്രത്യേക അന്വേഷണസംഘമാണ് യുവാവിനെ പിടികൂടിയത്. ഒക്ടോബർ 31ന് പുലർച്ചെ ആറിന് ചാത്തന്നൂർ ഉറാംവിളയ്ക്ക് സമീപം മത്സ്യം വിൽക്കുകയായിരുന്ന ശക്തികുളങ്ങര സ്വദേശിനിയുടെ സ്വർണമാലയും കുരിശുമാണ് ബൈക്കിലെത്തിയ യുവാക്കൾ കവർന്നത്. മത്സ്യം വാങ്ങാനെന്ന വ്യാജേന അടുത്തെത്തിയ ശേഷമായിരുന്നു കവർച്ച.

പരാതി ലഭിച്ചതിന് പിന്നാലെ ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, സിറ്റി ഷാഡോ സംഘത്തിലെ എസ്.ഐ ആർ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തിരുവനന്തപുരം ഭാഗത്തേക്കാണ് മോഷ്ടാക്കൾ ബൈക്കിൽ പോയതെന്ന വിവരത്തെ തുടർന്ന് ഈ ഭാഗത്തേക്കുള്ള സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

യുവാക്കൾ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞതോടെ ചാത്തന്നൂർ മുതൽ പാറശാല വരെയുള്ള 200 സി.സി.ടി.വി കാമറകൾ അന്വേഷണസംഘം പരിശോധിച്ചു. തുടർന്ന് പാറശാലയിലെത്തിയ പൊലീസ് സംഘം ഈ മാസം ആറിന് സംഘത്തിലെ രണ്ടാമൻ മനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഒളിവിൽപ്പോയ അർ‌ഫാൻ നാഗർകോവിൽ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം തിരികെ എത്തിയപ്പോഴാണ് പിടിയിലായത്.

നാഗർകോവിൽ കോട്ടാർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസിൽ പ്രതിയാണ് അർഫാൻ. മദ്യത്തിനും മറ്റ് ലഹരികൾക്കും അടിമകളായ ഇവർ അത്തരം ആവശ്യങ്ങൾക്കും ആഡംബര ജീവിതത്തിനും വേണ്ടിയാണ് നൂറിലേറെ കിലോമീറ്റർ യാത്ര ചെയ്ത് ചാത്തന്നൂരിലെത്തി മാല കവർന്നത്. ഇത്രയും ദൂരത്തിലെത്തി കവർച്ച നടത്തിയാൽ പിടിക്കപ്പെടില്ലെന്നായിരുന്നു ഇവർ കരുതിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.