കൊല്ലം: അനശ്വര നടൻ ജയന് സംസ്ഥാന സർക്കാരിന്റെ ജെ.സി. ഡാനിയേൽ പുരസ്‌കാരം നൽകി ആദരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ പറഞ്ഞു. മഹാത്മാ ഗാന്ധി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ തേവള്ളി ഓലയിലുള്ള ജയൻ സ്‌മാരകത്തിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
അനശ്വര നടന് അർഹമായ അംഗീകാരം ഇതുവരെയും ലഭിച്ചിട്ടില്ല. മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പുരസ്‌കാരം നൽകിയാൽ ജെ.സി. ഡാനിയേൽ പുരസ്‌കാരത്തിന്റ യശസ് വർദ്ധിക്കുക മാത്രമേ ഉള്ളുവെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
സമിതി പ്രസിഡന്റ് സജീവ് പരിശവിള അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് കണ്ണൻ, ആർ. സുനിൽ, പി. സിന്ധു, ആർ.വി. സുകേഷ്, കടവൂർ ജോസ്, കെ. അറുമുഖം തുടങ്ങിയവർ സംസാരിച്ചു.