കൊല്ലം: ഹരിതാഭമായ ഗ്രാമഭംഗിയാണ് കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ സവിശേഷത. വികസന മികവിന് രണ്ടുതവണ സ്വരാജ് പുരസ്കാരവും പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരവും മുഖ്യമന്ത്രിയുടെ ഹരിത അവാർഡും ബ്ളോക്കിനെ തേടിയെത്തി. നെടുമൺകാവ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് 5000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ ഓഫീസിനും ലാബിനും കെട്ടിടം, മാമോഗ്രാം സെന്റർ, ബയോ ഗ്യാസ് പ്ളാന്റ് എന്നിവ വലിയ വികസനമായി ഭരണപക്ഷം ഉയർത്തിക്കാട്ടുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കാറ്റിൽപ്പറത്തി ഭാവനയില്ലാതെ കാട്ടിക്കൂട്ടിയ പദ്ധതികൾ മാത്രമാണിവയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നെടുവത്തൂർ, എഴുകോൺ, കരീപ്ര, വെളിയം, പൂയപ്പള്ളി ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത്.
ഭരണപക്ഷം
1. സെക്കൻഡറി പാലിയേറ്റീവ് പദ്ധതിയും ജീവിതശൈലീ രോഗ ക്ളിനിക്കും യാഥാർത്ഥ്യമാക്കി
2. 350 പേർക്ക് കണ്ണടയും 27 പേർക്ക് ശ്രവണ സഹായിയും
3. 279 പേരെ പത്താംതരം തുല്യതാപരീക്ഷയിൽ വിജയിപ്പിച്ചു. 86 പേർക്ക് തൊഴിലവസരമൊരുക്കി. 176 പേർക്ക് പ്ളസ് ടു തുല്യതാപരിശീലനം നൽകി
4. പട്ടികജാതി വിഭാഗത്തിന് വിവാഹത്തിനും വിദേശത്ത് തൊഴിലിന് പോകാനും ഓട്ടോറിക്ഷ വാങ്ങാനും സഹായം. പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന മുറികൾ ഒരുക്കി, ലാപ് ടോപ്പ് നൽകി.
5. എഴുകോൺ പ്രീ മെട്രിക് ഹോസ്റ്റലിൽ നവീകരണം
6. തൊഴിലുറപ്പ് പദ്ധതിവഴി നൂറിലധികം കുളങ്ങൾ നിർമ്മിച്ചു
7. ബ്ളോക്ക് പഞ്ചായത്തിന് ലഭിച്ച പുരസ്കാരത്തുക ഉപയോഗിച്ച് ഓഡിറ്റോറിയവും പരിശീലന ഹാളും നിർമ്മിച്ചു.
എസ്.ശശികുമാർ, പ്രസിഡന്റ്
പ്രതിപക്ഷം
1. മാലിന്യ സംസ്കരണ പദ്ധതികൾക്ക് ലക്ഷങ്ങൾ ചെലവിട്ടെങ്കിലും ഫലപ്രാപ്തിയിലെത്തിക്കാനായില്ല
2. നെടുമൺകാവ് സി.എച്ച്.സിക്ക് ആംബുലൻസ് ആവശ്യമായിട്ടും ലഭ്യമാക്കാനായില്ല
3. ചെറുപ്പക്കാരെ വഞ്ചിക്കുകയാണ് ചെയ്തത്. അവർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതികളൊന്നും ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല
4. ഭവന നിർമ്മാണ പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞില്ല
5. നല്ല ഭാവനയോടെയും ദീർഘവീക്ഷണത്തോടെയും പുതിയ പദ്ധതികളൊന്നും കൊണ്ടുവന്നില്ല
6. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കാറ്റിൽപ്പറത്തി കാട്ടിക്കൂട്ടിയ പദ്ധതികളാണ് കൂടുതലും
രതീഷ് കിളിത്തട്ടിൽ, പ്രതിപക്ഷം