കൊല്ലം: നഗരസഭയിലെ രണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇന്നലെ മത്സരത്തിൽ നിന്ന് പിന്മാറിയപ്പോൾ സി.പി.ഐയിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം. കന്നിമേൽ, തങ്കശ്ശേരി ഡിവിഷനുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ഇന്നലെ മത്സരത്തിൽ നിന്ന് പിന്മാറിയത്. ഇവിടങ്ങളിൽ പുതിയ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ചർച്ചകൾ നേതൃത്വം തുടങ്ങിയിട്ടുണ്ട്.
മങ്ങാട് ഡിവിഷനിൽ സി.പി.ഐ ജില്ലാ നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെ ഒരുവിഭാഗം രംഗത്തെത്തി. ജില്ലാ നേതൃത്വം പരാതിക്കാരുമായി ചർച്ച നടത്തിയിട്ടും ഒത്തുതീർപ്പായില്ല. പ്രശ്നം ജില്ലാ എക്സിക്യുട്ടീവ് ചർച്ച ചെയ്തശേഷം അന്തിമ തീരുമാനം ജില്ലാ സെന്ററിന് വിട്ടു. കടപ്പാക്കട സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തിലും തർക്കം തുടരുകയാണ്.