പത്തനാപുരം: മൺകൂരയിൽ നിലത്തു കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച പത്തുവയസുകാരി ആദിത്യയുടെ കുടുംബത്തിന് 'സ്നേഹവീട്' ഒരുക്കാൻ ഒടുവിൽ വാവ പഴയ മേസ്തിരിക്കുപ്പായവും അണിഞ്ഞു. കല്ല് ചുമന്നും സിമന്റ് തേച്ചുമൊക്കെ വാവ ഇപ്പോൾ പണി സൈറ്റിൽ സജീവമാണ്. കഴിഞ്ഞ ദിവസം വീടിന്റെ കട്ടിളവയ്പ് ചടങ്ങിനെത്തിയ വാവ വൈകിട്ടുവരെ ഭിത്തി കെട്ടാനും ഒപ്പം കൂടി. പ്രവാസി മലയാളികൾ തനിക്ക് വീട് നിർമിക്കാനായി നൽകിയ പണം ഉപയോഗിച്ചാണ് ഈ കുടുംബത്തിന് വാവ വീട് നിർമിച്ചു നൽകുന്നത്.
പത്തനാപുരം പഞ്ചായത്തിലെ മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ ചരുവിള പുത്തൻവീട്ടിൽ രാജീവ് - സിന്ധു ദമ്പതികളുടെ മൂത്ത മകൾ ആദിത്യയുടെ വിയോഗം കേരളകൗമുദിയിലൂടെയാണ് വാവ അറിഞ്ഞത്. 800 ചതുരശ്രയടിയിൽ 13 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നർമ്മിക്കുന്നത്. അറ്റാച്ച്ഡ് ബാത്ത് റൂമോടുകൂടിയ രണ്ട് ബെഡ് റൂം, ഹാൾ, പൂജാമുറി, കിച്ചൺ, എന്നിവയുണ്ടാകും
ഏതാനും ദിവസത്തിനകം ഭിത്തി കെട്ട് പൂർണമാകും. തുടർന്ന് മേൽക്കൂര വാർക്കും. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. അകാലത്തിൽ പൊലിഞ്ഞ ആദിത്യമോളുടെ കുഞ്ഞുമോഹമാണ് അവൾ അന്തിയുറങ്ങുന്ന മണ്ണിൽ വാവ കെട്ടിയുയർത്തുന്നത്.
വാവ ഒന്നാന്തരം മേസ്തിരി
20 വർഷത്തോളം കെട്ടിട നിർമ്മാണരംഗത്ത് സജീവമായിരുന്നു വാവ. സ്വന്തമായി കരാറെടുത്ത് വീടുപണികളും മറ്റും നടത്തിയിരുന്നു. കട്ടകെട്ട്, കമ്പികെട്ട്, തേപ്പ്, ഇവയെല്ലാം വശമുണ്ട്. പാമ്പുപിടിത്തവും ബോധവത്കരണവും മറ്റുമായി തിരക്കായതിനാലാണ് വിട്ടുനിൽക്കുന്നതെന്ന് വാവ പറയുന്നു
''
ആദിത്യയുടെ കുടുംബത്തിന് നിർമ്മിക്കുന്ന വീടിന്റെ ഭൂരിഭാഗം പണികളും ഞാനും സുഹൃത്തുക്കളും ചേർന്നായിരിക്കും ചെയ്യുക. ഇഷ്ടിക, സിമന്റ്, പ്ളംബിംഗ് സാമഗ്രികൾ, തടി ഉരുപ്പടികൾ തുടങ്ങിയവ ചില സുഹൃത്തുക്കൾ സ്പോൺസർ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്.
വാവ സുരേഷ്