x

കൊല്ലം: റിസോർട്ടുകൾ കേന്ദ്രീകരിച്ച് കച്ചവടം നടത്താനായി മിനിലോറിയിൽ കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി വർക്കല സ്വദേശി കൊട്ടാരക്കരയിൽ എക്സൈസിന്റെ പിടിയിലായി. വർക്കല പുതുവൽ പുത്തൻ വീട്ടിൽ എച്ച്. ജിനുവാണ് (40) അറസ്റ്റിലായത്. കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇന്നലെ പുലർച്ചെ 5ന് എം.സി റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ജിനുവിനെ പിടികൂടിയത്. ലോവർ കരിക്കം ഭാഗത്ത് മാരുതി സുസുക്കി ഷോറൂമിന്റെ മുൻവശത്ത് റോഡരികിൽ നിറുത്തിയിട്ടിരുന്ന മിനിലോറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

കമ്പത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി വിതരണം ചെയ്തുവരുകയായിരുന്നു ജിനുവെന്ന് എക്സൈസ് വെളിപ്പെടുത്തി. ആയൂർ തോട്ടത്തറ സ്വദേശിക്ക് കഞ്ചാവ് കൈമാറാനായി കാത്തുനിൽക്കുന്നതിനിടെയാണ് പിടിയിലായത്. കഞ്ചാവ് വാങ്ങാനെത്തിയയാൾ എക്സൈസിനെ കണ്ട് മുങ്ങി. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി. സുരേഷ് കേസിന്റെ തുടരന്വേഷണം ഏറ്റെടുത്തു. റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഷിലു, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, വിവേക്, പ്രേംരാജ്, നിഖിൽ, രജീഷ്, സുജിൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.