 
മൺറോത്തുരുത്ത്: താഴ്ന്ന പ്രദേശങ്ങളെയെല്ലാം മുക്കി മൺറോത്തുരുത്തിൽ തുലാവേലിയേറ്റം ശക്തമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വേലിയേറ്റം അനുദിനം ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസം തുലാമഴയും കൂടി പെയ്തതോടെ ജനജീവിതം കൂടുതൽ ദുരിതപൂർണമായി. വഴികളിലും വീടുകൾക്ക് ചുറ്റിലും വെള്ളവും ചെളിയും നിറഞ്ഞുകിടക്കുന്നതിനാൽ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മൺറോത്തുരുത്തുകാർ.
കിടപ്പുറം വടക്ക്, കിടപ്പുറം തെക്ക് വാർഡുകൾ പെരുങ്ങാലം, പട്ടംതുരുത്ത് ഈസ്റ്റ്, പട്ടംതുരുത്ത് വെസ്റ്റ്, കൺട്രാംകാണി, നെന്മേനി, നെന്മേനി തെക്ക് വാർഡുകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ള അഞ്ഞൂറോളം കുടുംബങ്ങളാണ് വേലിയേറ്റ ദുരിതത്തിന് നേരിട്ട് ഇരയാകുന്നത്. ഇതിൽ ഭൂരിഭാഗവും നിർദ്ധന കുടുംബങ്ങളാണ്. തിരഞ്ഞെടുപ്പ് കാലത്ത് നിരവധി വാഗ്ദ്ധാനങ്ങൾ ലഭിക്കാറുണ്ടെങ്കിലും തങ്ങളുടെ ദുരിതത്തിന് അറുതിയാകുന്നില്ലെന്നാണ് സ്ഥലവാസികളുടെ പരാതി.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായതോടെ സ്ഥാനാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. വോട്ടർമാരെ തേടി വീടുകളിലെത്താനും എത്തിയാൽത്തന്നെ നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനുമാകാത്ത അവസ്ഥയിലാണ്. തിരഞ്ഞെടുപ്പുവരെ സ്ഥിതി തുടർന്നാൽ കൂടുതൽ വലയുമെന്ന ആശങ്കയും സ്ഥാനാർത്ഥികൾക്കുണ്ട്.