c
തുണിയാണ് താരം... പള്ളിമുക്കിലെ ഫ്ളക്‌സ് പ്രിന്റിംഗ് യൂണിറ്റിൽ സ്ഥാനാർത്ഥികൾക്കായി കോട്ടൺ തുണിയിൽ പ്രചാരണ ബോർഡുകൾ തയ്യാറാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ

കൊല്ലം: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പാണെങ്കിൽപ്പോലും താഴേത്തട്ടിലെ പ്രചാരണത്തിൽ ചിലത് മാറ്റി വെക്കാനാവില്ല,. നാലാള് കൂടുന്ന കവലയിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ സജ്ജമായി. പി.ഡി.പി, എസ്.ഡി.പി.ഐ തുടങ്ങിയ ചെറു പാർട്ടികളും സ്വതന്ത്രരും ശക്തമായ മത്സരം നടത്തുന്ന ഇടങ്ങളിൽ ഓഫീസുകൾ തുറന്നിട്ടുണ്ട്. ചർച്ചയും വോട്ടർപ്പട്ടിക പരിശോധിക്കലും കൂട്ടലും കിഴിക്കലുമൊക്കെയായി പ്രവർത്തകർ സജീവമാണ്. പലരും ഡിസംബർ എട്ട് വരെ ഇനി ഇവിടെ തന്നെയുണ്ടാകും. കുടുംബയോഗങ്ങളിലേക്കാണ് എല്ലാ മുന്നണികളും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, വാർഡ്, നഗരസഭാ ഡിവിഷൻ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്കും തുടക്കമായി. ശക്തമായ മത്സരം നടക്കുന്ന വാർഡുകളിൽ വീട് കയറി വോട്ടുറപ്പിക്കുന്ന സ്ക്വാഡുകൾ സജീവമായിക്കഴിഞ്ഞു. പ്രചാരണത്തിനായി മൂന്ന് ആഴ്ച സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും മുമ്പിലുണ്ട്. നിലവിലെ ഓളം അവസാനം വരെയും പിടിച്ച് നിറുത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ.