കൊല്ലം: റെയിൽവേ സ്റ്റേഷൻ പരിസരത്തെ റെയിൽവേ ക്വാർട്ടേഴ്സ് വളപ്പുകളിലാകെ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്വാർട്ടേഴ്സിന് സമീപത്തെ ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം, പീരങ്കി മൈതാനം, ക്യു.എ.സി മൈതാനം എന്നിവിടങ്ങളിൽ മാസങ്ങളായി വലിയ തോതിൽ ആളനക്കമില്ല. ഇവിടങ്ങളിൽ ഒരാൾപ്പൊക്കത്തിൽ കാട് വളർന്ന് മൂടിയതോടെയാണ് ഇഴജന്തുക്കൾ താവളമാക്കിയത്. ക്വാർട്ടേഴ്സ് വളപ്പുകളിലേക്ക് ഇഴജന്തുക്കൾ എത്തിത്തുടങ്ങിയതോടെ താമസക്കാരാകെ ഭയപ്പാടിലാണ്. കുട്ടികളും പ്രായമായവരും അടക്കം നിരവധി പേരാണ് ഇവിടെ താമസിക്കുന്നത്. അടിയന്തര പരിഹാരത്തിന് ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം.