പൊൻമന: ചവറ പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവം ഇന്ന് ആരംഭിച്ച് നവംബർ 27ന് സമാപിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായാണ് ഈ വർഷത്തെ ഉത്സവം നടത്തുക. ക്ഷേത്രം തന്ത്രി തുറവൂർ പി. ഉണ്ണിക്കൃഷ്ണന്റെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 9നും 10നും മദ്ധ്യേ തൃക്കൊടിയേറും. 10ന് ചവറ കെ.എം.എം.എൽ എം.ഡി ചന്ദ്ര ബോസ് ഭദ്രദീപം കൊളുത്തും. പ്രത്യേക സാഹജര്യത്തിൽ നിശ്ചിത എണ്ണം ഭക്തരെയാണ് കൊവിഡ് മാനദണ്ഡപ്രകാരം ദർശനത്തിന് അനുവദിക്കുന്നത്. വൃശ്ചിക മഹോത്സവത്തിൽ ദർശനത്തിനെത്തുന്ന ഭക്തർ കൊവിഡ് നിർദ്ദേശം പാലിച്ച് വേണം ഇന്ന് നടക്കുന്ന തൃക്കൊടിയേറ്റിൽ പങ്കെടുക്കേണ്ടതെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എസ്. സന്തോഷ് കുമാറും സെക്രട്ടറി ടി. ബിജുവും അറിയിച്ചു.