kollam-beach
കൊല്ലം ബീച്ച്

കൊല്ലം: കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങൾ മൂലം കൊല്ലം ബീച്ചിൽ സമയം ചെലവിടാൻ സന്ദർശകർ ഇനിയും കാത്തിരിക്കേണ്ടി വരും. ബീച്ചിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ തുടർച്ചയായി കൊവിഡ് സ്ഥിരീകരിക്കുന്നതാണ് പ്രവേശന വിലക്ക് തുടരാൻ കാരണമാകുന്നത്. പ്രദേശത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവർ രോഗമുക്തരാകുന്നതിന് മുമ്പ് തന്നെ മറ്റ് പലർക്കും രോഗം സ്ഥിരീകരിക്കുകയാണ്.

ബീച്ചുകൾക്കും പാർക്കുകൾക്കും ഈ മാസം ഒന്ന് മുതലാണ് പ്രവർത്തനാനുമതി നൽകിയത്. ഇതുപ്രകാരം കൊല്ലം ബോട്ട്ജെട്ടി അടക്കമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം തുറന്നെങ്കിലും ഒരു ദിവസം പോലും കൊല്ലം ബീച്ചിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാനായില്ല. ബീച്ച് തുറക്കുമ്പോഴുള്ള നിയന്ത്രണങ്ങൾക്കായി കുടുംബശ്രീ പ്രവർത്തകർക്കടക്കം പരിശീലനം നൽകിയിരുന്നു. പക്ഷെ കണ്ടെയ്ൻമെന്റ് നിയന്ത്രണം ഒഴിയാത്തതിനാൽ ബീച്ച് തുറക്കാനുള്ള അപേക്ഷ പോലും ടൂറിസം വകുപ്പ് ഇതുവരെ ജില്ലാ ഭരണകൂടത്തിന് നൽകിയിട്ടില്ല.

ആൾക്കൂട്ടം അനുവദിക്കില്ല

ബീച്ച് തുറക്കുമ്പോൾ പണ്ടത്തെപ്പോലെ ആൾക്കൂട്ടം അനുവദിക്കില്ല. കടുത്ത നിയന്ത്രണങ്ങളോടെയാകും പ്രവേശനം. സ്ഥാപനങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കുന്നത് പോലെ ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമേ ബീച്ചിലേക്കും പ്രവേശനം ഉണ്ടാകൂ. ലൈഫ് ഗാർഡുമാർക്ക് പുറമേ കുടുംബശ്രീ പ്രവർത്തകരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ബീച്ചിൽ പ്രവേശിക്കും മുമ്പ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയും വേണം.

കച്ചവടക്കാർക്കും നിയന്ത്രണം

ബീച്ചിൽ പഴയത് പോലെ കച്ചവടക്കാരെ അനുവദിക്കില്ല. നേരത്തെ 75ഓളം കച്ചവടക്കാർ ബീച്ച് പരിസരത്ത് ഉണ്ടായിരുന്നു. മണൽപ്പരപ്പിൽ പലതവണ കച്ചവടം നിരോധിച്ചിട്ടുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ മടങ്ങിയെത്തുന്നതാണ് പതിവ്. എന്തായാലും കൊവിഡ് നിയന്ത്രണ വിധേയമാകുന്നത് വരെ മണൽപ്പരപ്പിലെ കച്ചവടം പൂർണമായും നിയന്ത്രിക്കാനാണ് ആലോചന.