election

കൊല്ലം: സാധാരണ വോട്ട് എണ്ണുമ്പോഴാണ് സ്ഥാനാർത്ഥികളുടെ നെഞ്ചിടിക്കുക. ഇത്തവണ വോട്ട് ചോദിച്ച് വീടുകൾ കയറുമ്പോൾ തന്നെ ആകെയൊരു ഭയമാണ്,​ സ്ഥാനാർത്ഥികൾക്കും വോട്ടർമാർക്കും. സ്ഥാനാർത്ഥിക്കും കൂട്ടർക്കും കൊവിഡ് ഉണ്ടോയെന്ന് വോട്ടറുടെ പേടി,. വോട്ടർക്ക് കൊവിഡ് കാണുമോയെന്ന പേടിയിൽ സ്ഥാനാർത്ഥികളും. പണ്ടൊക്കെ വോട്ട് ചോദിച്ച് ചെല്ലുമ്പോൾ തന്നെ ഹസ്തദാനം നൽകി വോട്ടറെ കൈയിലെടുക്കുന്ന സ്ഥാനാർത്ഥികൾ ഇപ്പോൾ വീട്ടുകാർ അടുത്തേക്ക് വരുമ്പോൾ തന്നെ രണ്ടടി പിന്നിലേക്ക് മാറുകയാണ്.

വോട്ട് പിടിത്തതിനിടെ ഒരു സ്ഥാനാർത്ഥിയുടെ അനുഭവം ഇങ്ങനെ: ''വീടിന് മുന്നിലെത്തിയപ്പോൾ തന്നെ കാരണവർ പുറത്തേക്ക് വന്നു. അടുത്ത പരിചയക്കാരാനാണ്. കൊവിഡൊക്കെ വരുന്നതിന് മുമ്പേ പുള്ളിയോട് തിരഞ്ഞെടുപ്പിൽ സഹായം ഉറപ്പിച്ച് വച്ചിരുന്നതാണ്. അപ്പോഴും സീറ്റ് കിട്ടുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. ഒടുവിൽ സീറ്റും കീട്ടി വോട്ട് തേടി വീട്ടിൽ ചെന്നപാടെ 'ഞാനറിഞ്ഞടാ,​ നീ ജയിക്കുമെടാ' എന്നുപറഞ്ഞ് കാരണവർ കെട്ടിപ്പിടിക്കാനായി ഓടിയെത്തി. ഒഴിഞ്ഞുമാറിയാൽ വോട്ട് പോകും. നെഞ്ചുപിടഞ്ഞ് നിന്ന നിമിഷം ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ രക്ഷകനായെത്തി, 'അണ്ണാ, കൊവിഡൊക്കെയാണ്'. കേട്ടപാടെ കാരണവർ സ്വിച്ച് ഇട്ടത് പോലെ നിന്നു. പിന്നെ ഒരുപാട് വീടുകൾ കയറാനുണ്ടെന്ന് പറഞ്ഞ് ഞങ്ങൾ സ്ഥലം വിട്ടു.''

ഒറ്റയ്ക്ക് വോട്ട് ചോദിച്ച് ഇറങ്ങിയാൽ കൂടെയാരുമില്ലെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കും. അതുകൊണ്ട് നാലും അഞ്ചും പേരെ കൂടെക്കൂട്ടും. അങ്ങനെ ചെറിയൊരു സംഘമായി ചെല്ലുമ്പോൾ ഗേറ്റ് തുറക്കാൻ തന്നെ ചിലർ ഭയക്കുകയാണ്. വിശേഷങ്ങളൊക്കെ തിരക്കി മനസിൽ കയറിപ്പറ്റാമെന്ന് പറ‌ഞ്ഞാണ് സ്ഥാനാർത്ഥി ചെല്ലുന്നത്. ആളാരാണെന്ന് കാണിക്കാൻ മാസ്ക് താഴ്ത്തുമ്പോൾ വീട്ടുകാർ മൂന്നടി പിന്നിലേക്ക് മാറും. എന്തായാലും അതുകൊണ്ടൊരു ഗുണമുണ്ട്. എല്ലാ വീടുകളിലും ഓടിയെത്താം, ഒരിടത്തും കാര്യം പറ‌ഞ്ഞിരുന്ന് സമയം പോകില്ല.