പുനലൂർ:കൊവിഡ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തനം ആരംഭിച്ച തെന്മല ഇക്കോ ടൂറിസം മേഖലയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി .ഇക്കോ ടൂറിസത്തിലെ ഉല്ലാസ ബോട്ട് യാത്രക്ക് പുറമെ കുട്ട വഞ്ചി സവാരികൾക്കുമാണ് സഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെടുന്നത്. കൊവിഡിനെ തുടർന്ന് സാമൂഹിക അപകലം പാലിക്കാൻ 25 പേർക്ക് സഞ്ചാരിക്കാവുന്ന ഉല്ലാസ ബോട്ടിൽ അഞ്ച് പേക്കാണ് യാത്രചെയ്യാനുളള അനുമതി നൽകിയിരിക്കുന്നത്.കുട്ട വഞ്ചിയിൽ രണ്ട് വിനോദ സഞ്ചാരികളാണ് യാത്ര ചെയ്യുന്നത്. തെന്മല പരപ്പാർ അണക്കെട്ട് ജലാശയത്തിലൂടെയാണ് ഉല്ലാസ ബോട്ട് യാത്രയും കുട്ട വഞ്ചി യാത്രയും. തെന്മല എർത്ത് ഡാമിലെ ബോട്ട് യാർഡിൽ നിന്നും പുറപ്പെടുന്ന കുട്ട വഞ്ചിയും ഉല്ലാസ ബോട്ടും കിലോമീറ്ററുകൾ ദൂരെയുളള കളംകുന്നിൽ വരെയെത്തി തിരിക മടങ്ങുകയാണ് പതിവെന്ന് അധികൃതർ പറഞ്ഞു.ഒരു തവണ യാത്ര ചെയ്തുകഴിഞ്ഞാൽ ബോട്ടുകളും, കുട്ടവഞ്ചിയും അണു നാശിനി ഉപയോഗിച്ച് ശുചീകരിച്ചു അണുവിമുക്തമാക്കിയ ശേഷമാകും അടുത്ത യാത്ര ആരംഭിക്കുക.
വ്യാപാര മേഖല ഉണർന്നു
ശനി,ഞായർ ദിവസങ്ങളിലാണ് വിനോദ സഞ്ചിരികളുടെ തിരക്കേറുന്നത്. കർശനമായ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെക്ക്ഗൈഡുകൾ പ്രവേശിപ്പിക്കുന്നത്.തെന്മല, കുളത്തൂപ്പുഴ, ആര്യങ്കാവ് പഞ്ചായത്തുകളിൽ കൊവിഡ് വ്യാപകമായതോടെ കർശന നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ടൂറിസം മേഖല തുറന്ന് പ്രവർത്തനം ആരംഭിച്ചതോടെ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. പാലരുവിയിലും വൻ ജനതിരക്കാണ് ദിവസും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.കിഴക്കൻ മലയോര മേഖലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാ തുറന്ന് പ്രവർത്തനം ആരംഭിച്ചതോടെ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടങ്ങളും വർദ്ധിച്ചു.എട്ട് മാസം വരെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരുന്നത് കാരണം വ്യാപാര വാണിജ്യ മേഖലകളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിച്ചതോടെ കിഴക്കൻ മലയോര മേഖലയിൽ പുത്തൻ ഉണർവാണ് അനുഭവപ്പെടുന്നത്.